23 May, 2023 12:31:13 PM
കിൻഫ്ര തീപിടിത്തം: കെട്ടിടത്തിന് അംഗീകാരമില്ല, അടിമുടി വീഴ്ചയെന്ന് ഫയർ ഫോഴ്സ് മേധാവി
തിരുവനന്തപുരം: മെഡിക്കൽ സർവീസസ് കോർപറേഷന്‍റെ രണ്ട് ഗോഡൗണുകളിൽ അഞ്ച് ദിവസത്തിനിടെ തിപിടിത്തമുണ്ടായത് ദുരൂഹത വർദ്ധിപ്പിക്കുന്നു. അഞ്ച് ദിവസത്തിനിടെ ഒരേ സ്വഭാവമുളള രണ്ടാമത്തെ തീപിടുത്തമാണ് തുമ്പ കിൻഫ്ര പാർക്കിലെ മെഡിക്കൽ സർവീസസ് കോർപറേഷൻ ഗോഡൗണിൽ ഉണ്ടായത്.
കഴിഞ്ഞ വ്യാഴാഴ്ച കൊല്ലത്തെ ഗോഡൗണിൽ തീപിടിത്തമുണ്ടായിരുന്നു. കൊല്ലത്തും അർദ്ധരാത്രിയാണ് തീപിടിത്തമുണ്ടായത്. കൊല്ലത്തും ബ്ലീച്ചിംഗ് പൗഡർ സൂക്ഷിച്ചിരുന്ന സ്ഥലം തന്നെയാണ് കത്തിയത്.
പുതിയ എംഡി ജീവൻ ബാബു ചുമതല ഏറ്റെടുത്ത് ഒരു മാസം പൂർത്തിയാകും മുൻപാണ് രണ്ട് ഗോഡൗണുകളിൽ തീപിടിത്തമുണ്ടായതെന്നത് ശ്രദ്ധേയമാണ്. ബ്ലീചിംഗ് പൗഡറിൽ സ്ഫോടനം നടക്കാനുള്ള കെമിക്കൽ കലർന്നിരുന്നോയെന്നും സംശയം ഉയരുന്നുണ്ട്. കൂടാതെ മറ്റ് ഏതെങ്കിലും രാസ വസ്തു സൂക്ഷിച്ചിരുന്നോയെന്നും പരിശോധിക്കുന്നുണ്ട്. ബാഹ്യ ഇടപെടൽ ഉണ്ടായിട്ടുണ്ടോയെന്നും പരിശോധിക്കും. കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ ഇടിമിന്നൽ തീപിടുത്തത്തിന് കാരണമായോയെന്ന കാര്യവും അധികൃതർ പരിശോധിക്കുന്നുണ്ട്.
അതേസമയം ബ്ലീച്ചിംഗ് പൗഡർ ഭാഗത്താണ് ആദ്യം തീപിടുത്തം ഉണ്ടായതെന്ന് ജില്ലാ കളക്ടർ ജെറോമിക് ജോർജ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. തീപിടുത്തത്തിന്‍റെ കാരണം കണ്ടെത്തണം. ഫോറൻസിക് പരിശോധന നടത്തണം. മറ്റ് കെ.എം.എസ്.സി.എൽ സ്ഥലങ്ങളിലെ സുരക്ഷ പരിശോധിക്കും. സെക്യൂരിറ്റി ജീവനക്കാരനും, വെയർ ഹൗസ് മാനേജറും സ്ഥലത്ത് ഉണ്ടായിരുന്നു. മറ്റ് അട്ടിമറികൾ എന്തേലും ഉള്ളതായി ശ്രദ്ധയിൽ പെട്ടിട്ടില്ലെന്ന് കളക്ടർ പറഞ്ഞു.
എന്നാല്‍ തുമ്പ കിൻഫ്ര പാർക്കിൽ തീപിടിത്തം ഉണ്ടായ മെഡിക്കൽ സർവീസ് കോർപറേഷന്‍റെ മരുന്ന് സംഭരണ കേന്ദ്രം പ്രവർത്തിച്ച കെട്ടിടത്തിന് അംഗീകാരം ഉണ്ടായിരുന്നില്ലെന്ന് ഫയർഫോഴ്സ് മേധാവി ബി സന്ധ്യ. അതിനാല്‍ സംസ്ഥാനത്തെ എല്ലാ മരുന്ന് സംഭരണ ശാലകളിലും ഫയർ ഓഡിറ്റ് നടത്താൻ ബി സന്ധ്യ നിർദ്ദേശം നൽകി.