22 May, 2023 02:32:18 PM
ദേശീയപാതയിലെ അപകടത്തിൽ മരിച്ച നവജാതശിശുവിൻ്റെ അമ്മയും യാത്രയായി
തിരുവനന്തപുരം: ദേശീയപാതയില്‍ പള്ളിപ്പുറം താമരക്കുളത്ത് കെഎസ്ആർടിസി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് മരിച്ചവരുടെ എണ്ണം നാലായി. ചികിത്സയിലായിരുന്ന മണമ്പൂർ സ്വദേശി ചിത്തിര എന്ന് വിളിക്കുന്ന അനു (23) ആണ് മരിച്ചത്.
അനുവിന്‍റെ നാല് ദിവസം പ്രായമായ പെണ്‍കുഞ്ഞ് അടക്കം മൂന്നുപേര്‍ സംഭവസ്ഥലത്തു വച്ച് തന്നെ മരിച്ചിരുന്നു. അനുവിന്‍റെ മടങ്ങുമ്പോഴായിരുന്നു ദാരുണമായ അപകടം.ഓട്ടോറിക്ഷയിൽ ഡ്രൈവറുൾപ്പെടെ ആറുപേരാണ് ഉണ്ടായിരുന്നത്.
മണമ്പൂര്‍ സ്വദേശി മഹേഷിന്‍റെയും അനുവിന്‍റെയും നാല് ദിവസം പ്രായമായ പെണ്‍കുഞ്ഞ്, അനുവിന്‍റെ അമ്മ ശോഭ (41), ഓട്ടോ ഡ്രൈവര്‍ സുനില്‍ (34) എന്നിവരാണ് അപകടത്തിനു തൊട്ടു പിന്നാലെ മരിച്ചത്. അപകടത്തില്‍ അനുവിനും ഭര്‍ത്താവ് മഹേഷിനും ഇവരുടെ അഞ്ചുവയസ്സുള്ള കുഞ്ഞിനും പരിക്കേറ്റു. കൊല്ലത്തുനിന്ന് തിരുവനന്തപുരത്തേക്കു വന്ന ഫാസറ്റ് പാസഞ്ചർ ബസ് പെട്ടെന്ന് ബ്രേക്ക് പിടിച്ചപ്പോൾ ഓട്ടോറിക്ഷ ഇടിച്ചുകയറിയാണ് അപകടം.
അപകടവുമായി ബന്ധപ്പെട്ട് കെഎസ്ആർടിസി ആറ്റിങ്ങൽ ഡിപ്പോയിലെ ഡ്രൈവർ കൊല്ലം മയ്യനാട് കുട്ടിക്കട താഴത്തുചേരി ജിത്തു ഭവനിൽ വി. അജിത് കുമാറിനെ(50) മംഗലപുരം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മനഃപൂർവമല്ലാത്ത നരഹത്യയ്ക്കാണ് ഇയാൾക്കെതിരെ കേസെടുത്തത്. അജിത്തിനെ കോടതി റിമാൻഡ് ചെയ്തു.
ഡ്രൈവർ വി. അജിത്തിന്‍റെ ഡ്രൈവിങ് ലൈസൻസ് താൽക്കാലികമായി റദ്ദാക്കിയതായി മോട്ടർ വാഹന വകുപ്പ് അറിയിച്ചിരുന്നു. ബസ് അമിത വേഗത്തിലായതാകാം അപകടത്തിനു കാരണമെന്നും തുടർനടപടികൾ ഉണ്ടാകുമെന്നും അധികൃതർ പറഞ്ഞു.