20 May, 2023 01:08:51 PM
'അരിക്കൊമ്പൻ അരിയും, പിണറായി കേരളത്തെയും ചാമ്പുന്നു'; പരിഹസിച്ച് കെ സുധാകരൻ
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാർ മൂന്നാം വർഷത്തിലേക്ക് കടക്കുമ്പോൾ സർക്കാരിനെതിരെ കടുത്ത പ്രതിഷേധവുമായാണ് പ്രതിപക്ഷം രംഗത്തെത്തിയിരിക്കുന്നത്. സർക്കാരിനെതിരെ പ്രതിപക്ഷം സെക്രട്ടേറിയേറ്റിൽ സംഘടിപ്പിച്ച പ്രതിഷേധ മർച്ചിൽ നൂറുകണക്കിനാളുകളാണ് അണിനിരന്നത്. പ്രതിഷേധക്കാർ സെക്രട്ടേറിയേറ്റ് വളഞ്ഞു.
'അരി ചാമ്പാൻ അരിക്കൊമ്പൻ, ചക്ക ചാമ്പാൻ ചക്ക കൊമ്പൻ, കേരളം ചാമ്പാൻ ഇരട്ട ചങ്കൻ' - എന്നായിരുന്നു സുധാകരന്‍റെ പരിഹാസം. പിണറായി വിജയൻ സർക്കാർ കമ്മീഷൻ സർക്കാരാണ്. ഡോ. വന്ദനയുടെ കൊലപാതകത്തിന് കാരണം പൊലീസിന്‍റെ അനാസ്ഥയാണ്. ഇത്രയും നിഷ്ക്രിയമായ പൊലീസ് കേരളത്തിൽ ഇതിന് മുൻപ് ഉണ്ടായിട്ടേ ഇല്ല. സർക്കാരിന്‍റെ അനാസ്ഥയാണ് താനൂർ അപകടത്തിന് കാരണമായതെന്നും കെപിസിസി അധ്യക്ഷൻ കുറ്റപ്പെടുത്തി.
നികുതി ഭാരം ജനങ്ങളിൽ അടിച്ചേൽപ്പിക്കുകയാണ് പിണറായി സർക്കാരെന്ന് വി.ഡി. സതീശൻ കുറ്റപ്പെടുത്തി. ജനങ്ങളെ ഇത്രയധികം ദ്രോഹിച്ച ഒരു സർക്കാർ ഇതിനു മുൻപ് ഉണ്ടായിട്ടേ ഇല്ല. ജനങ്ങളുടെ മനസാക്ഷിയുടെ കോടതിയിൽ പിണറായേയും കൂട്ടരേയും വിചാരണ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
സാധാരണക്കാർക്ക് ആവശ്യമായ എല്ലാ വസ്തുക്കൾക്കും സർക്കാർ നികുതി വർധിപ്പിച്ചു. സർക്കാരിനെതിരായ സമരം ഇവിടെ ആരംഭിച്ചതേ ഉള്ളു. എൽഡിഎഫ് സർക്കാരിന്‍റെ ഞെട്ടിപ്പിക്കുന്ന അഴിമതി കഥകളാണ് ഇനി പുറത്തു വരാനുള്ളത്. വർഗീയ ഫാസിസത്തിനെതിരെ രാഹുൽ ഗാന്ധി നടത്തുന്ന സമരത്തിന് പിന്തുണ കൂടിയാണ് ഈ സമരമെന്നും അദ്ദേഹം പറഞ്ഞു. സെക്രട്ടേറ്റിൽ സർക്കാരിനെതിരെ നടക്കുന്ന പ്രതിഷേധത്തിൽ സംസാരിക്കവെയാണ് പ്രതിപക്ഷ നേതാക്കൾ സർക്കാരിനെതിരെ കടുത്ത പ്രതിഷേധം ഉയർത്തിയത്.