17 May, 2023 03:49:39 PM
അസ്മിയയുടെ ദുരൂഹ മരണം; സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബിജെപി
തിരുവനന്തപുരം: ബാലരാമപുരത്തെ മതപഠനശാലയിൽ 17 കാരി അസ്മിയയുടെ ദുരൂഹ മരണത്തിൽ പ്രതിഷേധം ശക്തമാക്കി ബി ജെ പിയും എ ബി വിപിയും. അസ്മിയയുടെ മരണത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ടാണ് ബി ജെ പിയും എ ബി വി പിയും പ്രതിഷേധം സംഘടിപ്പിച്ചത്.
മതപഠനശാലയായ അൽ അമാൻ എജ്യുക്കേഷൻ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിലേക്ക് ആദ്യം എ ബി വി പിയും പിന്നീട് ബി ജെ പിയും പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. മാർച്ച് ബാലരാമപുരം പൊലീസ് സ്റ്റേഷനിൽ മുന്നിൽ പൊലീസ് ബാരിക്കേട് വച്ച് തടഞ്ഞു. ഇതോടെ എ ബി വി പി, ബി ജെ പിപ്രവർത്തകർ ബാലരാമപുരം - വിഴിഞ്ഞം റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ചില പ്രവർത്തകർ ബാരിക്കേഡ് ചാടിക്കടക്കാനും ശ്രമിച്ചു. മതപഠനശാല അനുകൂലികളും ഒരു ഭാഗത്ത് നിലയുറപ്പിച്ചിരുന്നു.
അതേസമയം ദുരൂഹ സാഹചര്യത്തിൽ 17 കാരി അസ്മിയ മരിച്ച സംഭവത്തിൽ അന്വേഷണം ശക്തമാക്കിയെന്നാണ് പൊലീസ് പറയുന്നത്. അന്വേഷണത്തിനായി നെയ്യാറ്റിൻകര എ എസ് പിയുടെ മേൽനോട്ടത്തിൽ 13 അംഗ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. പെൺകുട്ടിയുടെ അമ്മയിൽ നിന്നും സഹപാഠികളിൽ നിന്നും പൊലീസ് മൊഴിയെടുക്കും. അസ്മിയയുടെ മരണം ആത്മഹത്യയെന്നാണ് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. എന്നാൽ അസ്മീയയുടേത് ആത്മഹത്യയെന്ന് കരുതുന്നില്ലെന്നും ശക്തമായ അന്വേഷണം വേണമെന്നമുള്ള ആവശ്യത്തിൽ ഉറച്ച് നിൽക്കുകയാണ് ബന്ധുക്കൾ. അസ്മീയയെ അപകീർത്തിപ്പെടുത്താൻ ശ്രമം നടക്കുന്നതായും ബന്ധുക്കൾ പരാതിപ്പെടുന്നുണ്ട്.
ശനിയാഴ്ചയാണ് ബാലരാമപുരത്തെ അൽ അമൻ എഡ്യുക്കേഷനണൽ കോംപ്ലക്സ് എന്ന മതപഠന സ്ഥാപനത്തിലെ ലൈബ്രറി മുറിയിൽ അസ്മീയയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച ഉച്ചയോടെയാണ് വീട്ടിലേക്ക് വിളിച്ച അസ്മീയ തന്നെ കൂട്ടിക്കൊണ്ടുപോകണമെന്ന് ഉമ്മയോട് ആവശ്യപ്പെട്ടത്. ഉസ്ദാതും ടീച്ചറും ഒറ്റപ്പെടുത്തുന്നുവെന്നും വഴക്കുപറയുന്നുവെന്നുമാണ് അസ്മീയ ഉമ്മയോട് പറഞ്ഞത്.
മകളുടെ സംസാരത്തിൽ വിഷയം തോന്നിയ ഉമ്മ റഹ്മത്ത് ബീവി ഉടൻ ബാലരാമപുരത്തെത്തി. പക്ഷെ അസ്മീയ കുളിമുറിയിലാണെന്ന് പറഞ്ഞ് സ്ഥാപന അധികൃതർ കാത്തിരുത്തിയെന്നാണ് ബന്ധുക്കൾ പറയുന്നത്. ബലം പ്രയോഗിച്ച് അകത്ത് കടന്നപ്പോഴാണ് ലൈബ്രറിയോട് ചേർന്ന് അസ്മിയയെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്.
ആശുപത്രിയിലെത്തിക്കാനോ, അതിനുള്ള സൗകര്യം ഒരുക്കാനോ ആരും മെനക്കെട്ടില്ലെന്നും ബന്ധുക്കൾ പറയുന്നു. പ്രണയബന്ധം തകർന്നതിലെ നിരാശയിൽ അസ്മീയ ആത്മഹത്യ ചെയ്തത് ആണെന്ന് വരുത്തിതീർക്കാനും അപകീർത്തിപ്പെടുത്താനും ശ്രമം നടക്കുന്നതായും ബന്ധുക്കൾ പറയുന്നു. നീതി വേണമെന്നാണ് ബന്ധുക്കൾ ആവശ്യപ്പെടുന്നത്.