12 May, 2023 04:26:28 PM


'ഡോ.വന്ദനയുടേത് ബോധപൂര്‍വമുള്ള കൊലപാതകം'- സഹപാഠികള്‍



തിരുവനന്തപുരം: ഡോ. വന്ദനയുടേത് ബോധപൂര്‍വമുള്ള കൊലപാതകമാണെന്നും പ്രതിക്ക് ഏറ്റവും വലിയ ശിക്ഷ വാങ്ങിക്കൊടുക്കണമെന്നും സഹപാഠികള്‍. വന്ദനയെ പ്രതി ബോധപൂർവ്വമാണ് കൊലപ്പെടുത്തിയെതെന്നും. മാനസിക വെല്ലുവിളി നേരിടുന്ന ഒരാൾ എങ്ങനെയാണ് കത്രിക ഒളിപ്പിച്ചു പിടിക്കാന്‍ ശ്രമിക്കുക. ആക്രമണത്തിന് ശേഷം പ്രതി സന്ദീപ് കത്രിക കഴുകി വെച്ചതും ബോധമുള്ളതുകൊണ്ടാണെന്ന് വന്ദനയുടെ സഹപാഠികള്‍ ആരോപിച്ചു.

പ്രതിയുടെ വിചാരണ എത്രയും വേഗം പൂർത്തിയാക്കി ശിക്ഷ നടപ്പാക്കണം. വന്ദനയ്ക്ക് നീതി ലഭ്യമാക്കണം. കൊട്ടാരക്കര താലൂക്ക് ആശുപത്രിയുടെ ഒരു ബ്ലോക്കിന് വന്ദനയുടെ പേരു നല്‍കുമെന്ന് മന്ത്രി പറഞ്ഞു. അങ്ങനെ പേരു നല്‍കിയാല്‍ വന്ദനയുടെ മാതാപിതാക്കളുടെ കണ്ണീരിന് മറുപടിയായോ. അതോടെ പ്രശ്‌നമെല്ലാം തീര്‍ന്നോയെന്നും അവര്‍ ചോദിച്ചു.

പ്രതി കുത്തിയതിനു ശേഷം വന്ദനയ്ക്ക് ലഭിക്കേണ്ട പ്രാഥമിക ചികിത്സ കൃത്യമായി കിട്ടിയിരുന്നില്ലെന്നും ഒരുപക്ഷെ കിട്ടിയിരുന്നുവെങ്കില്‍ വന്ദനയുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയുമായിരുന്നു. കൊട്ടാരക്കര ആശുപത്രിയില്‍ അതിനുള്ള സംവിധാനം ഉണ്ടായിരുന്നില്ല. ഡോക്ടറെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകേണ്ടി വന്നു. അവിടെ ചെല്ലുമ്പോഴേക്കും വന്ദനയുടെ ഓക്‌സിജന്‍ ലെവലും ബ്രെയിന്‍ ഫങ്ഷനും വളരെ താഴെയായിരുന്നുവെന്ന് സഹപാഠികള്‍ പറഞ്ഞു.

ഡോക്ടര്‍ വന്ദനയെ പ്രതി സന്ദീപ് ആക്രമിച്ചപ്പോള്‍, അക്രമിയെ കീഴ്‌പ്പെടുത്താന്‍ പോലും പൊലീസിന് കഴിഞ്ഞില്ല. ജീവന്‍രക്ഷിക്കാന്‍ ഓടേണ്ട അവസ്ഥയിലായിരുന്നു പൊലീസെന്ന് ഡോക്ടര്‍ നാദിയ പറഞ്ഞു. കുത്തേറ്റു കിടന്ന വന്ദനയെ പുറത്തേക്ക് കൊണ്ടുവരാന്‍ പോലും പൊലീസോ മറ്റോ ഉണ്ടായിരുന്നില്ല. ആശുപത്രിയിലുള്ള ഒരു ഡോക്ടറാണ് വന്ദനയെ പുറത്തെത്തിച്ചത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K