11 May, 2023 03:57:35 PM


കൈവിലങ്ങില്ലാതെ വൈദ്യ പരിശോധനയ്ക്കെത്തിച്ച പ്രതിയെ ഡോക്ടർ തിരിച്ചയച്ചു



തിരുവനന്തപുരം: കൈവിലങ്ങ് അണിയിക്കാതെ വൈദ്യപരിശോധനയ്ക്ക് എത്തിച്ച പ്രതിയെ ഡോക്ടർ തിരിച്ചയച്ചു. തിരുവനന്തപുരം ജനറൽ ഹോസ്പിറ്റലിലെ ഡ്യൂട്ടി ഡോക്ടറാണ് പ്രതിയെ വൈദ്യപരിശോധന നടത്താതെ തിരിച്ചയച്ചത്. 'ഹാൻഡ് കഫ് ഇട്ട് പ്രതിയെ പരിശോധനയ്ക്ക് കൊണ്ടുവരണം' എന്ന് ലെറ്റർപാഡിൽ ഡോക്ടർ കുറിച്ചു.

കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ യുവ ഡോക്ടർ കൊല്ലപ്പെട്ടതിന് പിന്നാലെ പ്രതിയെ വിലങ്ങണിയിക്കാതെ വൈദ്യപരിശോധനയ്ക്കെത്തിക്കുന്നത് സംബന്ധിച്ച് വ്യാപക ചര്‍ച്ച നടന്നിരുന്നു. ഇതിന് പിന്നാലെയാണ് ഡോക്ചർമാർ നിലപാട് കടുപ്പിച്ചത്.

അതേസമയം, ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിളിച്ച അടിയന്തര ഉന്നതതല യോഗം ചേരും. നിയമ നിർമ്മാണം അടക്കമുള്ള വിഷയങ്ങൾ ചർച്ച ചെയ്യാനാണ് യോഗം ചേരുന്നത്. മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാളിൽ ആണ് യോഗം നടക്കുക.

ഡോക്ടർ വന്ദന ദാസിന്‍റെ കൊലപാതകത്തിൽ ഡോക്ടർമാരുടെ സമരം തുടരുകയാണ്. സംസ്ഥാന വ്യാപകമായി ഒ പി ബഹിഷ്കരിച്ചുകൊണ്ടാണ് സമരം. ആശുപത്രി സംരക്ഷണ നിയമത്തിൽ ശക്തമായ വകുപ്പുകൾ ചേർത്ത് പുതുക്കി ഓർഡിനൻസ് പുറത്തിറക്കുക, കുറ്റക്കാരായ പോലീസുകാർക്കെതിരെ നടപടി സ്വീകരിക്കുക ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് ഡോക്ടർമാരുടെ സമരം.

ആശുപത്രി സംരക്ഷണ നിയമ ഭേദഗതി ഉടൻ നടപ്പാക്കണമെന്നും വന്ദനയുടെ പേര് നിയമത്തിന് നൽകണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ആവശ്യപ്പെട്ടു. സെക്രട്ടറിയേറ്റ് മുമ്പിൽ നൂറ് കണക്കിന് മെഡിക്കൽ വിദ്യാർഥികൾ അടക്കമുള്ളവർ സമരത്തിൽ പങ്കെടുത്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K