06 May, 2023 03:04:22 PM
കെഎസ്ആർടിസി ചീഫ് ഓഫീസ് ഉപരോധിച്ച് തൊഴിലാളി സംഘടനകൾ
തിരുവനന്തപുരം: കെ എസ് ആർ ടി സിയിൽ സി ഐ ടി യു അടക്കമുള്ള തൊഴിലാളി സംഘടനകൾ പ്രതിഷേധം ശക്തമാക്കി. ശമ്പള വിതരണവും പെൻഷൻ വിതരണവും മാനേജ്മെന്‍റിന്‍റെ കടുത്ത നിലപാടുകളിലുമുള്ള പ്രതിഷേധവുമായി സംയുക്ത തൊഴിലാളി യൂണിയൻ കെ എസ് ആർ ടി സി ചീഫ് ഓഫീസ് ഉപരോധിച്ചു.
കെൽട്രോൺ വഴി കെ എസ് ആർ ടി സിയിൽ നടപ്പാക്കുന്ന പദ്ധതികളിലും അന്വേഷണം നടത്തണമെന്ന് ടി ഡി എഫ് സംസ്ഥാന ജനറൽ സെക്രട്ടറി ഡി അജയ കുമാർ ആവശ്യപ്പെട്ടു. അഴിമതിയും ധൂർത്തും നടത്തിയ ശേഷം സർക്കാരിൽ നിന്നും പണം വാങ്ങിയാണ് കെ എസ് ആർ ടി സി മാനേജ്മെന്‍റ് ശമ്പളം നൽകുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കെ എസ് ആർ ടി സി മാനേജുമെന്‍റിനെ നിലക്കു നിർത്താൻ ഇവിടെ ഒരു സംവിധാനമില്ലെന്നാണ് സി ഐ ടി യു നേതാവ് എസ് വിനോദ് ചൂണ്ടികാട്ടിയത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലെടുത്ത തീരുമാനം മാനേജ്മെന്‍റ് നടപ്പാക്കുന്നില്ല. ഗതാഗതമന്ത്രിക്ക് കത്ത് നൽകിയിട്ടും കാര്യമില്ല. ചില താൽപര്യ സംരക്ഷണമാണ് മന്ത്രിയും മാനേജുമെന്‍റും ചെയ്യുന്നത് എന്നും അദ്ദേഹം തുറന്നടിച്ചു.
സ്വിഫിറ്റിന്‍റെ പ്രവർത്തനം പുനർ വിചിന്തനം ചെയ്യണമെന്നും ആവശ്യപ്പെട്ട സി ഐ ടി യു നേതാവ് എസ് വിനോദ്, തരംകിട്ടുമ്പോൾ യൂണിയനുകളെ ആക്ഷേപിക്കുകയാണ് മാനേജ്മെന്‍റ് ചെയ്യുന്നതെന്നും വിമർശിച്ചു.ശമ്പളം മുഴുവൻ നൽകാത്തതിൽ പ്രതിഷേധിച്ച് ചീഫ് ഓഫീസിനു മുന്നിൽ സി ഐ ടി യു - ഐ എൻ ടി യു സി യൂണിയനുകള്‍ അനിശ്ചിതകാല സമരം തുടങ്ങി. തിങ്കളാഴ്ച ബി എം എസ് പണിമുടക്കും പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം തൊഴിലാളി യൂണിയനുകളുടെ പ്രതിഷേധത്തിൽ പ്രതികരിച്ച് ഗതാഗത മന്ത്രി ആന്‍റണി രാജുവും രംഗത്തെത്തി. പ്രതിഷേധിക്കുന്നതിന് എല്ലാവർക്കും സ്വാതന്ത്ര്യം ഉണ്ടെന്നാണ് മന്ത്രി പറഞ്ഞത്. കെ എസ് ആർ ടി സിയിൽ പകുതി ശമ്പളം നൽകിയെന്നും മുഴുവൻ ശമ്പളം വേണമെങ്കിൽ എഴുതി നൽകാൻ ആവശ്യപ്പെട്ടെന്നും മന്ത്രി പറഞ്ഞു.
തൊഴിലാളി സംഘടനകൾക്ക് തൊഴിലാളികളോടുള്ള ഉത്തരവാദിത്തം കാണിക്കണം എന്ന ആവശ്യം ന്യായമാണ്. എന്നാൽ എല്ലാവരും സാമ്പത്തിക പ്രതിസന്ധി കണക്കിലെടുക്കണം. പലതവണയായി റെയിൽവേ സമാനമായ രീതിയിൽ ശമ്പളം പകുതിയായി നൽകിയിട്ടുണ്ടെന്ന് ചൂണ്ടികാട്ടിയ മന്ത്രി, അങ്ങനെയെങ്കിൽ ബി എം എസിന് സമരം ചെയ്യാൻ എന്ത് ധാർമികതയാണ് ഉള്ളതെന്നും ചോദിച്ചു.