02 May, 2023 09:21:58 PM
തിരുവനന്തപുരത്ത് യുവതി ജീവനൊടുക്കിയ സംഭവം; ഭർത്താവിന്‍റെ മാതാപിതാക്കൾ അറസ്റ്റിൽ
തിരുവനന്തപുരം: അരുവിക്കര – കാച്ചാണിയിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവിന്‍റെ മാതാപിതാക്കൾ അറസ്റ്റിൽ. അഞ്ചൽ ഏരൂർ സ്വദേശികളായ മൻമദൻ (78), ഭാര്യ വിജയ (71) എന്നിവരാണ് അറസ്റ്റിലായത്. നെടുമങ്ങാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് അനുപ്രിയയെ (29) വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഇരുനില വീടിന്‍റെ മുകളിലത്തെ മുറിയിൽ ഫാൻ ഹൂക്കിൽ ഷാൾ കുരുക്കി മരിച്ച നിലയിലായിരുന്നു മൃതദേഹം.
ഭർത്താവിന്‍റെയും ഭർതൃവീട്ടുകാരുടേയും മാനസിക പീഡനത്തെ തുടർന്ന് അനുപ്രിയ ആത്മഹത്യ ചെയ്തതാണെന്ന ബന്ധുക്കളുടെ പരാതിയിലാണ് ഇപ്പോൾ അറസ്റ്റുണ്ടായിരിക്കുന്നത്. കേസിൽ ഒന്നാം പ്രതിയായ അനുപ്രിയയുടെ ഭർത്താവ് മനു ഇപ്പോൾ ഗൾഫിലാണ്. സ്ത്രീധന പീഡനം, ഗാർഹിക പീഡനം, ആത്മഹത്യ പ്രേരണ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
കഴിഞ്ഞ ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് 2.30 ന് ഉച്ചഭക്ഷണം കഴിച്ച ശേഷമാണ് അനുപ്രിയ മുകളിലെ മുറിയിലേക്ക് പോയത്. വൈകിട്ട് അഞ്ച് മണിയോടെ മുറി തുറന്ന് നോക്കിയപ്പോഴാണ് യുവതിയെ തുങ്ങിയ നിലയിൽ കണ്ടെത്തിയത്.
ആറ് മാസം മുമ്പായിരുന്നു അനുപ്രിയയുടേയും മനുവിന്‍റേയും വിവാഹം. വിവാഹം കഴിഞ്ഞ് 15 ദിവസം പിന്നിട്ടപ്പോൾ മനു ഗൾഫിൽ പോയി. ഗർഭിണിയായെങ്കിലും ഗർഭഛിദ്രം സംഭവിച്ചു. തുടർന്ന് ഭർത്താവിന്‍റെ വീട്ടുകാർ മാനസികമായി ഉപദ്രവിക്കുന്നതായി ഭർത്താവിനോട് പറഞ്ഞിരുന്നു. എന്നാൽ, ഭർത്താവും ഇതേകാര്യം സംസാരിച്ചതോടെ അനുപ്രിയ മാനസികമായി സമ്മർദ്ദത്തിലായി. തുടർന്നാണ് ചൊവ്വാഴ്ച ഉച്ചയോടെ അനുപ്രിയ ആത്മഹത്യ ചെയ്തെന്നാണ് ബന്ധുക്കൾ പറയുന്നത്.
അനുപ്രിയയുടെ മുറിയിൽ നിന്നും ഭർത്താവിനെയും വീട്ടുകാരെയും കുറിച്ചുളള 6 പേജുള്ള കത്ത് പേലീസ് കണ്ടെത്തി. അസ്വാഭാവിക മരണത്തിന് അരുവിക്കര പോലീസ് കേസെടുത്തിരുന്നു.
അഞ്ച് മാസമായി അനുപ്രിയ അച്ഛനമ്മയോടപ്പം അരുവിക്കരയിലെ വാടക വീട്ടിലായിരുന്നു താമസിക്കുന്നത്. അനുപ്രിയയെ ഭർത്താവ് മനു ഫോണിലൂടെ മാനസികമായി തളർത്തിയെന്ന് കത്തിൽ പറയുന്നതായി ബന്ധുക്കൾ ആരോപിച്ചിരുന്നു.