30 April, 2023 07:42:19 PM


കോടികൾ മുടക്കി നവീകരിച്ച റോഡിൽ വെള്ളകെട്ട് മാറിയില്ല; ചെളിയില്‍ ഇരുന്ന് പ്രതിഷേധം



തിരുവനന്തപുരം: കോടികൾ മുടക്കി നവീകരിച്ച റോഡിൽ വെള്ളകെട്ടിന് പരിഹാരമാകാതെ വന്നതോടെ ചെളി വെള്ളത്തിൽ ഇരുന്നു കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റിന്‍റെ ഒറ്റയാൾ പ്രതിഷേധം. എം എൽ എ ഉൾപ്പടെ ജനപ്രതിനിധികളും സര്‍ക്കാര്‍ ജീവനക്കാരും സ്ഥിരമായി കടന്നു പോകുന്ന റോഡിന്‍റെ ശോചനീയാവസ്ഥയ്ക്കുനേരെ അധികൃതര്‍ കണ്ണടക്കുന്നതില്‍ പ്രതിഷേധിച്ച് കോൺഗ്രസ് കാട്ടാക്കട മണ്ഡലം പ്രസിഡൻ്റ് എം എം അഗസ്റ്റിൻ ആണ് ചെളി വെള്ളത്തിൽ ഇരുന്നു പ്രതിഷേധിച്ചത്.  

ആധുനിക രീതിയിൽ നവീകരിച്ച കിള്ളി, പങ്കജ കസ്തൂരി, കാന്തള കട്ടക്കോട് റോഡ് ഇക്കഴിഞ്ഞ മാർച്ച് 24 നാണ് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തത്. വെള്ളക്കെട്ടായി മാറി യാത്രക്കാർക്കും പ്രദേശവാസികൾക്കും ദുരിതയാത്ര നല്‍കുകയാണിപ്പോള്‍ റോഡ്. മഴയായതോടെ കാന്തള പ്രദേശത്ത് റോഡിൽ വെള്ളം കെട്ടി നിന്ന് കാൽനട പോലും പറ്റാത്ത സാഹചര്യമാണ്. മുട്ടോളം വെള്ളത്തിൽ നടന്നു പോകുന്ന ആളുകളുടെ പുറത്തേക്ക് വാഹനങ്ങൾ കടന്നു പോകുമ്പോൾ ചെളി വെള്ളം തെറിക്കുന്ന സാഹചര്യവും. ഓട്ടോറിക്ഷയിലും ഇരു ചക്ര വാഹനങ്ങളിലും കാൽ ഉയർത്തി ഇരുന്നെ പോകാനാകു. റോഡിൽ നിന്നും വെള്ളം സമീപ വീടുകളുടെ പുരയിടത്തിലെക്ക് വെള്ളം ഒലിച്ചിറങ്ങുന്ന സ്ഥിതി മഴ പെയ്തു കൊണ്ടിരുന്നാൽ പിന്നെയും ഗുരുതരമാകും. 

വർഷങ്ങളായി വെള്ള കെട്ടുള്ള സ്ഥലമാണിത്. റോഡ് നവീകരണം നടക്കുമ്പോൾ ഇതിന് പരിഹാരം കാണുമെന്ന് ഉറപ്പ് നൽകിയിരുന്നു. എന്നാല്‍ പണി പൂർത്തികരിച്ചപ്പോള്‍ വെള്ള കെട്ട് ഉണ്ടെന്നും വശങ്ങളിലൂടെ വെള്ളം ഒഴുകി പോകാൻ സൗകര്യം ഒരുക്കണമെന്നുമുള്ള ആവശ്യം അവഗണിക്കപ്പെട്ടു. ഇതാണ് ഇപ്പോള്‍ സ്ഥിതി പണ്ടത്തെക്കാൾ മോശമായതിന് പിന്നിലെന്നാണ് ആരോപണം. സമീപ പ്രദേശങ്ങളിൽ നിർമ്മാണം കഴിഞ്ഞ പല റോഡുകളുടെയും ടാർ പൊളിഞ്ഞ അവസ്ഥയാണെന്നും പരാതികൾ ഉയരുന്നുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K