28 April, 2023 02:24:02 PM


അരിക്കൊമ്പൻ ഒളിവില്‍; ദൗത്യത്തിൽ നിന്ന് പിന്മാറില്ലെന്ന് വനം മന്ത്രി



തിരുവനന്തപുരം : ഇടുക്കി ചിന്നക്കനാൽ മേഖലയിൽ നാശം വിതയ്ക്കുന്ന അരിക്കൊമ്പനെ കണ്ടെത്താനാകും എന്ന പ്രതീക്ഷയിലാണ് ദൗത്യസംഘമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ. ദൗത്യസംഘം സ്വതന്ത്രമായി പ്രവർത്തിക്കും. ചൂട് കൂടുതലായതുകൊണ്ടാകാം ഇന്ന് കണ്ടെത്താൻ ആകാത്തത്. ദൗത്യത്തിൽ നിന്ന് പിന്മാറാൻ വനം വകുപ്പ് തീരുമാനിച്ചിട്ടില്ല. ആനയെ കണ്ടെത്തി മയക്കുവെടിവെക്കാനുള്ള ശ്രമം തുടരും. കോടതി ഇടപെട്ടില്ലായിരുന്നെങ്കിൽ അരിക്കൊമ്പനെ നേരത്തെ പിടിക്കാമായിരുന്നു. കോടതിയിൽ ഹർജി പോയതുകൊണ്ടാണ് ചിന്നക്കനാലിലെ ജനങ്ങൾ ആശങ്കയിൽ ആയതെന്നും വനം മന്ത്രി പറഞ്ഞു. 

രാവിലെ നാല് മണിക്ക് 150 ലേറെ ദൗത്യ സേനാംഗങ്ങൾ തുടങ്ങിയ ശ്രമം അരിക്കൊമ്പനെ കണ്ടെത്താൻ കഴിയാത്തതിനെ തുടർന്നാണ് പ്രതിസന്ധിയിലായത്. രാവിലെ അരിക്കൊമ്പൻ എന്ന് കരുതുന്ന ആനയെ കണ്ടെങ്കിലും പിന്നീട് ഇത് കാടിനുള്ളിൽ മറഞ്ഞു. വെയിൽ ശക്തമായതിനാൽ ഇനി ഇന്ന് ആനയെ കണ്ടെത്തി വെടിവെച്ചു മയക്കി മറ്റൊരിടത്തേക്ക് മാറ്റാനുള്ള സാധ്യത മങ്ങി. പിന്നാലെ അരിക്കൊമ്പന് വേണ്ടിയുള്ള ജി പി എസ് കോളർ ബേസ് ക്യാമ്പിൽ തിരികെ എത്തിച്ചു. സമയം കുറയുന്തോറും അരിക്കൊമ്പന്‍ ദൗത്യം വെല്ലുവിളി കൂടുകയാണ്. വെയില്‍ ശക്തമായാല്‍ ആനയെ വെടിവയ്ക്കാന്‍ തടസമേറെയാണ്. വെയില്‍ കൂടിയാല്‍ ആനയെ തണുപ്പിക്കാന്‍ സൗകര്യം വേണ്ടിവരും. റേഡിയോ കോളര്‍ ഘടിപ്പിക്കാന്‍ കുടുതല്‍ സമയം വേണം. ആനയെ പുതിയ സ്ഥലത്തേക്ക് മാറ്റുന്നതും ശ്രമകരമാണ്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K