28 April, 2023 12:54:23 PM
14കാരിയെ ലൈംഗികമായി പീഡിപ്പിച്ച ട്യൂഷൻ ടീച്ചര്‍ക്ക് 33 വർഷം കഠിന തടവ്
തിരുവനന്തപുരം: സ്കൂൾ വിദ്യാർത്ഥിനിയായ 14കാരിയെ പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ട്യൂഷൻ ടീച്ചര്‍ക്ക് 33 വർഷം കഠിന തടവും 60,000 രൂപ പിഴയും ശിക്ഷ. പുത്തൻതോപ്പ് സ്വദേശി സെബാസ്റ്റ്യൻ ഷൈജു (33)വിനെയാണ് ശിക്ഷിച്ചത്. അതിവേഗ പോക്സോ കോടതി ജഡ്ജി ടി പി പ്രഭാഷ് ലാൽ ആണ് ശിക്ഷ വിധിച്ചത്.
2014 ലാണ് സംഭവം നടന്നത്. സെബാസ്റ്റ്യൻ ഷൈജു ട്യൂഷൻ എടുത്തിരുന്ന വീട്ടിൽ വച്ച് കുട്ടിയെ പീഡിപ്പിക്കുകയും തുടർന്ന് ഭീഷണിപ്പെടുത്തി തുടർച്ചയായി പീഡനത്തിന് ഇരയാക്കുകയും ചെയ്തുവെന്നാണ് കേസ്. സംഭവം പുറത്തു പറയുമെന്നു ഭീഷണിപ്പെടുത്തി വിഡിയോ ചാറ്റ് ചെയ്തതിന്‍റെ ദൃശ്യങ്ങൾ പകർത്തി സൂക്ഷിച്ച ശേഷം വീണ്ടും ഭീഷണിപ്പെടുത്തി.
പെൺകുട്ടിയുടെ ഫോട്ടോ ഉപയോഗിച്ച് പ്രൊഫൈൽ പിക്ചർ ഉണ്ടാക്കി വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് തുറന്നു. 2017 ഡിസംബറിൽ 25 ന് പെൺകുട്ടിക്ക് ഫോണിലൂടെ വ്യാജ ഫേസ്ബുക് അക്കൗണ്ടിന്‍റെ പ്രൊഫൈൽ ഐഡിയും വിഡിയോ ചാറ്റിന്‍റെ സ്ക്രീൻ ഷോട്ടുകളും അയച്ചു കൊടുക്കുകയും പ്രചരിപ്പിക്കും എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് പ്രോസിക്യൂഷൻ ആരോപിച്ച കുറ്റം.
കേസിന്‍റെ വിചാരണ വേളയിൽ അതിജീവിത രോഗം മൂലം മരിച്ചു. പ്രതിക്കെതിരെ ബലാത്സംഗ കുറ്റം, കഠിന ലൈംഗിക അതിക്രമം, സൈബർ കുറ്റകൃത്യം എന്നിവ തെളിയിക്കപ്പെട്ടതായി കോടതി കണ്ടെത്തി. ബലാത്സംഗ കുറ്റത്തിന് 15 വർഷം കഠിനതടവും 25,000 രൂപ പിഴയും പ്രായപൂർത്തിയാകാത്തയാളോട് കഠിന ലൈംഗിക അതിക്രമം നടത്തിയ കുറ്റത്തിന് 15 വർഷം കഠിനതടവും 25,000 രൂപ പിഴയും, ഐടി ആക്ട് പ്രകാരം 3 വർഷം കഠിനതടവും 10,000 രൂപ പിഴയും ആണ് വിധിച്ചത്. പിഴത്തുക കെട്ടിവച്ചില്ലെങ്കിൽ 13 മാസം കൂടി തടവ് അനുഭവിക്കണം.
ശിക്ഷ ഒരേ കാലയളവിൽ അനുഭവിച്ചാൽ മതിയെന്നും വിചാരണത്തടവുകാലം ശിക്ഷാ ഇളവിന് അർഹതയുണ്ടെന്നും ഉത്തരവിലുണ്ട്. കഠിനംകുളം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ കടയ്ക്കാവൂർ പൊലീസ് ഇൻസ്പെക്ടറായിരുന്ന ജി ബി മുകേഷ് ആണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷൻ 15 സാക്ഷികളെ വിസ്തരിക്കുകയും 22 രേഖകൾ തെളിവായി നൽകുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ എം മുഹസിൻ ഹാജരായി.