22 April, 2023 10:49:29 AM
പ്രധാനമന്ത്രിക്ക് നേരെ ചാവേർ ആക്രമണമുണ്ടാകുമെന്ന് ഊമക്കത്ത്
തിരുവനന്തപുരം: കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സുരക്ഷാ ഭീഷണി. പ്രധാനമന്ത്രിക്ക് നേരെ ചാവേർ ആക്രമണമുണ്ടാകുമെന്നാണ് ഊമക്കത്ത്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനാണ് കത്ത് ലഭിച്ചത്.
ഇന്‍റലിജൻസ് മേധാവിയുടെ റിപ്പോർട്ടില്‍ സുരക്ഷാ ഭീഷണി ചൂണ്ടിക്കാട്ടുന്നുണ്ട്. കത്ത് എഡിജിപി ഇന്‍റലിജൻസിന് കൈമാറി. ഇതിന്‍റെ അടിസ്ഥാനത്തിൽ അതീവ ഗൗരവത്തോടെ പൊലീസും രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം ആരംഭിച്ചു. പോപ്പുലർ ഫ്രണ്ട് നിരോധനത്തിനു ശേഷമുള്ള സാഹചര്യങ്ങൾ ഗൗരവത്തിലെടുക്കണമെന്ന് റിപ്പോർട്ടിൽ നിർദ്ദേശമുണ്ട്.
രണ്ടു ദിവസത്തെ സന്ദർശനത്തിനായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തുന്നത്. ഇതിന്‍റെ ഭാഗമായുള്ള സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തിക്കൊണ്ടും നിർദ്ദേശങ്ങൾ നൽകിയും ഇന്‍റലിജൻസ് മേധാവി ടി.കെ. വിനോദ്കുമാർ പുറത്തിറക്കിയ റിപ്പോർട്ടിലാണ് സുരക്ഷാ ഭീഷണിയെക്കുറിച്ച് വ്യക്തമാക്കുന്നത്.