13 April, 2023 04:36:28 PM


ഗർഭിണിയാണെന്ന് അറിഞ്ഞിട്ടും ലൈംഗിക പീഡനം; ഭീഷണിപ്പെടുത്തി 10ലക്ഷംരൂപ തട്ടിയയാൾ അറസ്റ്റിൽ



കൊല്ലം: ഗർഭിണിയാണെന്ന് അറിഞ്ഞിട്ടും യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയും നഗ്നദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി ലക്ഷങ്ങൾ തട്ടിയെടുക്കുകയും ചെയ്ത സംഭവത്തിൽ യുവാവ് അറസ്റ്റിലായി. കൊല്ലം പരവൂര്‍ പൂതക്കുളം ബി.എസ് വില്ലയില്‍ സുബീറിനെയാണ് (36) പരവൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. പിന്നീട് ഇയാളുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.


കേസില്‍ ഉൾപ്പെട്ട ഭര്‍ത്താവിനെ സഹായിക്കാനെന്ന വ്യാജേന പ്രതി യുവതിയുമായി ബന്ധം സ്ഥാപിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഭക്ഷണത്തില്‍ ഉറക്ക ഗുളിക കലര്‍ത്തി മയക്കിയശേഷമാണ് ഇയാൾ ആദ്യം യുവതിയെ പീഡിപ്പിച്ചത്. യുവതിയെ പീഡിപ്പിച്ചശേഷം നഗ്നദൃശ്യങ്ങൾ മൊബൈൽഫോണിൽ ചിത്രീകരക്കുകയും ചെയ്തു. പീഡനവിവരം പുറത്ത് പറഞ്ഞാല്‍ നഗ്നദൃശ്യം വാട്സാപ്പ് വഴി പ്രചരിപ്പിക്കുമെന്നും മകളെ അപായപ്പെടുത്തുമെന്നും പ്രതി യുവതിയെ ഭീഷണിപ്പെടുത്തി.


ഇതിനുശേഷം സഹകരണബാങ്കിൽ ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞ് ഇയാൾ വീണ്ടും യുവതിയുമായി അടുപ്പം സ്ഥാപിച്ചു. ജോലി ശരിയാക്കാനായി വിവിധ സമയങ്ങളിലായി ഇയാൾ യുവതിയിൽനിന്ന് പത്ത് ലക്ഷം രൂപയോളം തട്ടിയെടുക്കുകയും ചെയ്തു.


ഇതിനുശേഷമാണ് ജോലിയുടെ അഭിമുഖത്തിനെന്ന് പറഞ്ഞ് കൊച്ചിയിലെ ഹോട്ടല്‍ മുറിയില്‍ എത്തിച്ച്‌ യുവതിയെ വീണ്ടും പീഡനത്തിന് ഇരയാക്കിയത്. ഗര്‍ഭിണിയാണെന്ന് പറഞ്ഞെങ്കിലും എതിര്‍പ്പ് വകവയ്ക്കാതെ നിരവധി തവണ പ്രതി യുവതിയെ പീഡനത്തിന് ഇരയാക്കുകയുമായിരുന്നു.


ഇന്‍സ്‌പെക്ടര്‍ നിസാര്‍, എസ്‌.ഐ നിതിന്‍ നളന്‍, എ.എസ്‌.ഐ രമേശന്‍, എസ്.സി.പി.ഒമാരായ റലേഷ്‌കുമാര്‍, സിപിഒ പ്രേംലാല്‍, അരുണ്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K