10 April, 2023 08:32:35 PM
കൊലക്കേസ് പ്രതിയായ യുവാവ് ടിപ്പറിടിച്ച് മരിച്ച സംഭവത്തില്‍ പ്രതി കീഴടങ്ങി
തിരുവനന്തപുരം: കൊലക്കേസ് പ്രതിയായ യുവാവ് ടിപ്പറിടിച്ച് മരിച്ച സംഭവം കൊലപാതകമാണെന്ന് വ്യക്തമായി. തിരുവനന്തപുരം പെരുങ്കടവിളയില്‍ കഴിഞ്ഞ ദിവസം ടിപ്പറിടിച്ച് രഞ്ജിത്ത് എന്ന യുവാവ് മരിച്ച സംഭവമാണ് കൊലപാതകമാണെന്ന് പൊലീസ് പറയുന്നത്.
ഇടവഴിക്കര ജോസ് വധക്കേസിലെ പ്രതിയാണ് രഞ്ജിത്ത്. കഴിഞ്ഞ ദിവസം രാവിലെയാണ് രഞ്ജിത്ത് ടിപ്പര്‍ ഇടിച്ച് മരിച്ചത്. ഇത് കൊലപാതകമാണെന്ന സംശയം തുടക്കം മുതൽക്കേ പൊലീസ് പങ്കുവെച്ചിരുന്നു. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ ടിപ്പര്‍ ഡ്രൈവര്‍ ശരത്ത് ഇന്നു വൈകിട്ടോടെയാണ് കോടതിയില്‍ കീഴടങ്ങിയത്. കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്താല്‍ മാത്രമെ കൊലപാതകത്തില്‍ കൂടുതല്‍ വ്യക്തത വരികയുള്ളുവെന്ന് പൊലീസ് പറയുന്നു.
ഇന്നലെ രാവിലെ പത്തരയോടെ കീഴാറൂര്‍ ഭാഗത്തു നിന്നു പെരുങ്കടവിളയിലേക്കു ബൈക്കില്‍ വരികയായിരുന്ന രഞ്ജിത്തിനെ, എതിര്‍ദിശയില്‍ നിന്നു വന്ന ടിപ്പര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തലയോട്ടി ഏതാണ്ടു പൂര്‍ണമായും തകരുകയും മുഖം വികൃതമാകുകയും ചെയ്തിരുന്നു. വലതു കാല്‍ ഒടിഞ്ഞു തൂങ്ങി. ഉടന്‍ തന്നെ 108 ആംബുലന്‍സില്‍ ആശുപത്രിയിലേക്കു കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും അപകട സ്ഥലത്തു വച്ചുതന്നെ രഞ്ജിത്തിന്‍റെ മരണം സംഭവിച്ചിരുന്നു.
അപകടം നടന്ന ഉടൻ ടിപ്പര്‍ ഡ്രൈവര്‍ സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു. ഒളിവിൽ പോയ പ്രതി ശരത്തും രഞ്ജിത്തും തമ്മില്‍ മുന്‍വൈരാഗ്യം ഉണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമായതോടെ കൊലപാതകമാണെന്ന് പൊലീസ് ഉറപ്പിച്ചു.
ഇന്നു വൈകുന്നേരത്തോടെ പ്രതി നെയ്യാറ്റിന്‍കര കോടതിയില്‍ നേരിട്ട് എത്തി കീഴടങ്ങുകയായിരുന്നു. പ്രതിയെ കസ്റ്റഡിയില്‍ ലഭിക്കാന്‍ പൊലീസ് ഉടൻ കോടതിയില്‍ അപേക്ഷ നല്‍കും. അതിന് ശേഷം വിശദമായി ചോദ്യം ചെയ്താല്‍ മാത്രമെ കൊലപാതകം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കഴിയുകയുള്ളുവെന്ന് പൊലീസ് പറഞ്ഞു.