05 April, 2023 05:04:36 PM
ട്രെയിനിൽ തീയിട്ട സംഭവത്തിൽ പിടിയിലായ പ്രതി ഡൽഹി സ്വദേശി
തിരുവനന്തപുരം: എലത്തൂരിൽ ഓടുന്ന ട്രെയിനിൽ തീയിട്ട സംഭവത്തിൽ പിടിയിലായ പ്രതി ഷഹറൂബ് സെയ്ഫി ഡൽഹി ഷഹീന്‍ബാഗ് സ്വദേശി എന്ന് കണ്ടെത്തി അന്വേഷണ സംഘം.
ട്രെയിനിൽ തീയിട്ടതിന് പിടിയിലായ പ്രതി തന്‍റെ മകനെന്ന് ഷഹറൂബ് സെയ്ഫിയുടെ അമ്മ സ്ഥിരീകരിച്ചു. ഇതുകൂടാതെ ട്രാക്കിൽ നിന്ന് പൊലീസ് കണ്ടെടുത്ത ബാഗിലെ വസ്ത്രങ്ങൾ ഇയാളുടെതാണ് അച്ഛനും തിരിച്ചറിഞ്ഞു. ഇതോടെ രണ്ടും ഒരാളെന്ന നിഗമനത്തിലാണ് പൊലീസ്.
ഇയാളുടെ വീട്ടിൽ പൊലീസ് നടത്തിയ പരിശോധനയിൽ ഡയറിയും നിരവധി ഫോണുകളും പിടിച്ചെടുത്തെന്നാണ് റിപ്പോര്‍ട്ട്. അതേസമയം പ്രതിക്ക് തീവ്രവാദ സംഘത്തിന്‍റെ ഭാഗമാണെന്നാണ് നിഗമനം. രത്നഗിരിയിൽ നിന്നും പിടികൂടി ഇയാളെ പ്രാഥമിക ചോദ്യം ചെയ്യലിന് വിധേയമാക്കിയപ്പോഴായിരുന്നു ഇതുമായി ബന്ധപ്പെട്ട് വിവരം ലഭിച്ചത്. കൂടാതെ ആശുപത്രിയിൽ നിന്നും ഇയാൾ ഗുജറാത്തിലേക്കാണ് രക്ഷപ്പെടാന്‍ ശ്രമിച്ചതെന്നും റിപ്പോർട്ടുണ്ട്.
ഇയാൾ ഒറ്റയ്ക്ക് തന്നെയാണ് കൃത്യം നിർവഹിച്ചതെന്നാണ് നിലവിലെ വിവരം. ആക്രമണ പദ്ധതിയിടുമ്പോൾ ഇയാൾക്ക് മറ്റാരുടെയങ്കിലും സഹായം ലഭിച്ചിരുന്നോ എന്ന് അന്വേഷിക്കും. ഇതുകൂടാതെ ഇത്തരമൊരു ആക്രമണം എന്തുകൊണ്ട് കേരളത്തിൽ അതും ആലപ്പുഴ- കണ്ണൂർ എക്സ്പ്രസിൽ നടത്താന്‍ തീരുമനിച്ചു എന്നതടക്കം പൊലീസ് അന്വേഷിച്ച് വരികയാണ്.
ഇതിനിടെ ട്രെയിന്‍ തീവെയ്പിൽ മരിച്ച കുടുംബാംഗങ്ങൾക്ക് 5 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് സൗജന്യ ചികിത്സ ഉറപ്പാക്കുമെന്നും ഇന്നു ചേർന്ന മന്ത്രിസഭായോഗത്തിൽ തീരുമാനിച്ചു.
മഹാരാഷ്ട്രയിൽ പിടിയിലായ പ്രതിയെ ഉടന്‍ കേരളത്തിലെത്തിക്കുമെന്ന് ഡിജിപി അറിയിച്ചു. വിഷയത്തിൽ മഹാരാഷ്ട്ര ഡിജിപിയുമായി ബന്ധപ്പെടുന്നുണ്ട്. കേന്ദ്ര ഏജന്‍സികളാണ് പ്രതിയെ കുറിച്ചുള്ള വിവരം മഹാരാഷ്ട്ര തീവ്ര വിരുദ്ധ സ്ക്വാഡാണ് (എടിഎസ്) നൽകിയതെന്നും അദ്ദേഹം പറഞ്ഞു.