31 March, 2023 03:03:20 PM
കെടിയു താത്ക്കാലിക വിസി സിസ തോമസ് സര്‍ക്കാരിനു മുന്നില്‍ ഇന്ന് ഹാജരാകില്ല
തിരുവനന്തപുരം: വിരമിക്കുന്ന ദിവസം ആയതിനാൽ തിരക്കാണെന്ന് കെടിയു താത്ക്കാലിക വിസി ഡോക്ടർ സിസ തോമസ് സർക്കാരിനെ അറിയിച്ചു. അനുമതിയില്ലാതെ വിസി സ്ഥാനം ചുമതലയേറ്റതിൽ സർക്കാരിനു മുന്നില്‍ നേരിട്ടെത്തി വിശദീകരണം നൽകാനാണ് ആവശ്യപ്പെട്ടത്.
ഇന്നാണ് സിസ തോമസ് സർവീസിൽ നിന്നും വിരമിക്കുന്നത്. കെടിയു വിസി സ്ഥാനത്ത് നിന്നും സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ നിന്നും ഇന്നാണ് വിരമിക്കുന്നത്. അതിന്‍റെ നടപടി ക്രമങ്ങൾ പൂർത്തിയാക്കേണ്ടതുള്ളത് കൊണ്ട് ഇന്ന് നേരിട്ടെത്തി വിശദീകരണം നൽകാൻ കഴിയില്ലെന്നാണ് അവർ സർക്കാരിനെ അറിയിച്ചത്. നാളെ മുതൽ എപ്പോൾ വേണമെങ്കിലും ഹാജരാകാം എന്ന് സര്‍ക്കാരിനെ അറിയിച്ചു.
ഇന്ന് വിരമിക്കുന്ന സാഹചര്യത്തില്‍ സിസക്കെതിരെ കൂടുതല്‍ അച്ചടക്ക നടപടിയിലേക്ക് പോകേണ്ട എന്ന ചിന്തയുമിപ്പോള്‍ സര്‍ക്കാരിനുണ്ട്.
സംസ്ഥാന സർക്കാരിന്‍റെ അനുമതിയില്ലാതെ കെടിയു വിസിയുടെ ചുമതല ഏറ്റെടുത്തതിനാലാണ് സിസ തോമസിന് ഇന്ന് ഹിയറിങ് അറിയിച്ചിരുന്നത്. കാരണം കാണിക്കൽ നോട്ടീസിൽ തുടർ നടപടികളുടെ ഭാഗമായാണ് സംസ്ഥാന സർക്കാർ സിസ തോമസിനോട് ഹാജരാവാൻ നിർദ്ദേശം നൽകിയത്. ഉന്നത വിദ്യാഭ്യാസ വകുപ്പ് അഡീഷണൽ സെക്രട്ടറി മുമ്പാകെ ഹാജരാകണമെന്നായിരുന്നു നിര്‍ദ്ദേശം.
സിസ തോമസിനെതിരെ നടപടിയെടുക്കും മുൻപ് സർക്കാർ അവരെ കേൾക്കണമെന്ന് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ആവശ്യപ്പെട്ടിരുന്നു. സംസ്ഥാന സർക്കാരിന്‍റെ കാരണം കാണിക്കൽ നോട്ടീസ് തള്ളണമെന്ന സിസ തോമസിന്‍റെ ആവശ്യം ട്രൈബ്യൂണൽ അംഗീകരിച്ചില്ല. സംസ്ഥാന സർക്കാരിന്‍റെ അനുമതിയില്ലാതെ കെടിയു വിസിയുടെ താത്കാലിക ചുമതല ഏറ്റെടുത്തതിനാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.