27 March, 2023 03:27:09 PM


സ്‌കൂട്ടര്‍ യാത്രികയുടെ സ്വര്‍ണമാല മോഷ്ടിച്ചവരെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു



കൊല്ലം: സ്‌കൂട്ടര്‍ യാത്രികയെ അടിച്ചുതാഴെയിട്ട് കണ്ണില്‍ മുളകുപൊടി വിതറി സ്വര്‍ണമാല മോഷ്ടിച്ചവരെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. ചവറ മുകുന്ദപുരം കരിങ്ങാട്ടില്‍ വടക്കതില്‍ ഷാജി (48), കരുനാഗപ്പള്ളി ഇടപ്പള്ളിക്കോട്ട നെറ്റിയാട് തണ്ടളത്തുവീട്ടില്‍ സുഹൈല്‍ (45) എന്നിവരാണ് പിടിയിലായത്.


ഞായറാഴ്ച ഉച്ചയ്ക്ക് ശാസ്താംകോട്ട റെയില്‍വേ സ്റ്റേഷനു സമീപത്തു വച്ച്  മൈനാഗപ്പള്ളി കടപ്പ സ്വദേശിയായ യുവതിയുടെ മൂന്നുപവന്‍ വരുന്ന മാലയാണ് പൊട്ടിച്ചെടുത്തത്. സ്‌കൂട്ടറില്‍ വരികയായിരുന്നു യുവതിയുടെ പിന്നാലെ എത്തിയ മോഷ്ടാക്കള്‍ സ്‌കൂട്ടറിനുപിന്നില്‍നിന്ന് തീ ഉയരുന്നുണ്ടെന്നു പറഞ്ഞ് തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. ഇത് കേട്ട്  യുവതി സ്‌കൂട്ടർ നിർത്തുകയായിരുന്നു. ഇതിനിടെ യുവതിയെ അടിച്ചുവിഴ്ത്തി കൈയില്‍ കരുതിയിരുന്ന മുളകുപൊടി കണ്ണില്‍ വിതറുകയായിരുന്നു.


മാലപൊട്ടിച്ചു കടക്കാന്‍ ശ്രമിച്ചെങ്കിലും കുറച്ചുഭാഗം യുവതിയുടെ കൈയില്‍ കിട്ടി. ശേഷിച്ച മാലയുമായി മോഷ്ടാക്കള്‍ പോകാനുള്ള ശ്രമത്തിനിടെ യുവതിയുടെ  ശബ്ദം  കേട്ട് സ്ഥലത്തുണ്ടായിരുന്ന യുവാക്കള്‍ മോഷ്ടാക്കളെ പിടികൂടുകയായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K