24 March, 2023 03:44:35 PM


ഹൃദ്രോഗിയായ കുട്ടിയെ അങ്കണവാടി ആയ അടിച്ചും നുള്ളിയും പരിക്കേൽപ്പിച്ചു



തിരുവനന്തപുരം: ഹൃദ്രോഗിയായ മൂന്നു വയസുകാരനെ പാറശ്ശാല അങ്കണവാടിയിലെ  ആയ അടിച്ചും നുള്ളിയും പരിക്കേൽപ്പിച്ചതായി പരാതി. കുട്ടിയെ അതിക്രമിച്ചുവെന്ന് കാട്ടി രക്ഷിതാക്കൾ പൊഴിയൂർ പൊലീസിൽ പരാതി നൽകി. 


പാറശ്ശാല കാരോട് ചാരോട്ടുകോണം വാർഡിലെ അങ്കണവാടിയിലാണ്‌ സംഭവം. സംഭവത്തിൽ അങ്കണവാടി ആയ സിന്ധുവിന്‍റെ പേരിൽ പൊഴിയൂർ പൊലീസ് കേസെടുത്തു.


ബുധനാഴ്ച വൈകുന്നേരം മൂന്നരയോടെയാണ് സംഭവം. കുട്ടിയെ കൂട്ടാൻ അങ്കണവാടിയിൽ എത്തിയപ്പോൾ അമ്മ കാണുന്നത് കരഞ്ഞ്‌ അവശനിലയിലായ കുട്ടിയെയാണ്. കാര്യം ചോദിച്ചപ്പോൾ കുട്ടിക്ക് ജലദോഷം ഉണ്ടെന്നും അതിനാൽ ആണ് കുട്ടി കരയുന്നത് എന്നുമാണ് ആയ സിന്ധു മറുപടി നൽകിയത്. 


എന്നാല്‍ കുട്ടിയെ കൂട്ടി വീട്ടിൽ എത്തി വസ്ത്രം മാറുന്ന സമയം അണ് കാലുകളിൽ ഉൾപ്പടെ അടിയും നുള്ളും കൊണ്ടുണ്ടായ പാടുകൾ കാണുന്നത്. ഇതിനെ തുടർന്ന് രക്ഷിതാക്കൾ വിവരം തിരക്കിയപ്പോൾ ആണ് കുട്ടി കാര്യങ്ങൾ പറയുന്നത്. ഇതോടെ രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു.


ഒരുവർഷം മുമ്പ് കുട്ടിക്ക് ഹൃദയസംബന്ധമായ അസുഖത്തിന് ശസ്ത്രക്രിയ നടത്തിയിരുന്നു . ഇതിന്‍റെ ചികിത്സ ഇപ്പോഴും തുടരുകയാണ് എന്ന് രക്ഷിതാക്കൾ പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തിൽ പൊഴിയൂർ പൊലീസ് വീട്ടിലെത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. ആയ സിന്ധുവിനെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം പൊലീസ് കേസെടുത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K