24 March, 2023 11:42:10 AM
കേരള സർവകലാശാല സെനറ്റംഗങ്ങൾ നൽകിയ ഹർജിയില്‍ ഗവർണർക്ക് തിരിച്ചടി
തിരുവനന്തപുരം: കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന് തിരിച്ചടി. കേരള സർവ്വകലാശാല സെനറ്റ് അംഗങ്ങളെ പിൻവലിച്ചതിനെതിരായ കേസിൽ സെനറ്റ് അംഗങ്ങൾക്കെതിരായ ഗവർണറുടെ നടപടി ഹൈക്കോടതി റദ്ദാക്കി.
വിസിയെ തെരഞ്ഞെടുക്കാനുള്ള സെർച്ച് കമ്മിറ്റി രൂപീകരിക്കാൻ ഗവർണ്ണർ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും സെനറ്റ് അംഗങ്ങൾ തീരുമാനമെടുക്കാതെ വന്നതോടെയാണ് ചാൻസലർ കൂടിയായ ആരിഫ് മുഹമ്മദ് ഖാൻ സെനറ്റ് അംഗങ്ങളെ പിൻവലിച്ചത്. പിന്നീട് അദ്ദേഹം വിസി നിയമനത്തിന് സെർച്ച് കമ്മിറ്റി രൂപീകരിച്ചിരുന്നു. ചാൻസലർക്ക് താത്പര്യം നഷ്ടമായാൽ അംഗങ്ങളെ പിൻവലിക്കാമെന്ന വ്യവസ്ഥ അനുസരിച്ചായിരുന്നു ഗവർണറുടെ വിവാദ നടപടി.
ഗവർണർ പുറത്താക്കിയതിനെതിരെ കേരള സർവകലാശാല സെനറ്റംഗങ്ങൾ നൽകിയ ഹർജിയിലാണ് ഹൈക്കോടതി വിധി. ഗവർണറുടെ നടപടി ചട്ടവിരുദ്ധമായതിനാൽ റദ്ദാക്കണമെന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം.
സെനറ്റംഗങ്ങൾ തനിക്കെതിരെ നിഴൽ യുദ്ധം നടത്തുകയാണെന്നാണ് ഗവർണർ ആരോപിച്ചത്. ചാൻസലറായ തനിക്കെതിരെ പ്രവർത്തിക്കാനാണ് സെനറ്റ് ശ്രമിച്ചതെന്നും ഗവർണർ ആരോപിച്ചിരുന്നു. ജസ്റ്റിസ് സതീഷ് നൈനാന്‍റെ ബെഞ്ചാണ് ഹർജികളിൽ വിധി പറഞ്ഞത്.