22 March, 2023 10:22:52 AM
സ്ത്രീകള്‍ക്ക് നേരെ ആക്രമണ പരമ്പര: അനന്തപുരിയില്‍ 5 മാസത്തിനിടെ 7അക്രമങ്ങള്‍
തിരുവനന്തപുരം: തലസ്ഥാനത്ത് 5 മാസം കൊണ്ട് 7 ആക്രമണങ്ങളാണ് അരങ്ങേറിയത്. സ്ത്രീകൾക്കെതിരെയുള്ള ആക്രമണങ്ങൾ ജില്ലയിൽ തുടർകഥയാകുന്നു. ഏറ്റവുമൊടുവിൽ പാറ്റൂരിലാണ് സ്ത്രിക്കെതിരെ ആക്രമണം ഉണ്ടായത്. പോലീസിനെ നോക്കുകുത്തികളാക്കി 5 കിലോമീറ്റർ ചുറ്റളവിലാണ് ഇവയെല്ലാം സംഭവിച്ചത്. തലസ്ഥാന നഗരിയിൽ പോലും സ്ത്രീകൾക്ക് സുരക്ഷയില്ലേ ?
തലസ്ഥാനത്തെ ആക്രമണ പരമ്പര
ഒക്ടോബര്‍ 26-ന് പുലര്‍ച്ചെ നടക്കാനിറങ്ങിയ വനിതാ ഡോക്ടറെ ആക്രമിച്ച സംഭവത്തിലെ പ്രതിയും കുറവന്‍കോണത്ത് വീടുകളിൽ രാത്രിയെത്തുന്ന ആളും ഒന്നുതന്നെയായിരുന്നു. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവറായിരുന്നു പ്രതി.
നവംബര്‍ 24-ന് വഞ്ചിയൂര്‍ കോടതിക്കു സമീപം പ്രഭാതസവാരിക്ക് ഇറങ്ങിയ പെൺകുട്ടിയെ ആക്രമിച്ചയാളെ മണിക്കൂറുകള്‍ക്കുള്ളില്‍ പോലീസ് പിടികൂടി. സ്കൂട്ടറിലെത്തിയ പ്രതി യുവതിയെ ആക്രമിക്കുകയായിരുന്നു. പോലീസ് സമീപത്തെ വീടുകളില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നും ശേഖരിച്ച സി.സി.ടി.വി. ദൃശ്യങ്ങൾവഴിയാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
നവംബര്‍ 28-ന് രാവിലെ കൂട്ടിയെ ട്യൂഷന് വിട്ട് മടങ്ങുകയായിരുന്ന അമ്മയെ നാലുകിലോമീറ്ററോളം പിന്തുടര്‍ന്ന് അപമാനിക്കാന്‍ ശ്രമിച്ചയാളെയും പോലീസ് പിടികൂടി. ഇയാൾ തിരുമല മുതല്‍ വെള്ളയമ്പലംവരെ സ്ത്രിയെ വാഹനത്തില്‍ പിന്തുടര്‍ന്നാണ് ശല്യംചെയ്തത്. ആദ്യം പൂജപ്പുര പോലിന് സ്റ്റേഷനില്‍ വിളിച്ചെങ്കിലും ഫോണ്‍ എടുക്കാത്തതിനാല്‍ സിറ്റി പോലിസ് കമ്മിഷണറെ വിവരമറിയിച്ചു. വാഹനത്തിന്‍റെ നമ്പറിന്‍റെയും സി.സി.ടി.വി. ദൃശ്യങ്ങളുടെയും പരിശോധനയില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ശാസ്തമംഗലത്തുനിന്ന് പ്രതിയെ പിടികൂടുകയായിരുന്നു.
നവംബര്‍ 30-ന് കവടിയാറില്‍വെച്ച് വീണ്ടും പെൺകുട്ടികള്‍ക്കുനേരെ ആക്രമണമുണ്ടായി. കവടിയാര്‍ പണ്ഡിറ്റ് കോളനിയിലെ യുവധാരാ ലെയ്നിലായിരുന്നു സംഭവം. സിവില്‍ സര്‍വീസ് പരിശീലന ക്ലാസിനുശേഷം ഹോസ്റ്റലിലേക്കു പോയ വിദ്യാര്‍ഥിനികളെയാണ് ബൈക്കിലെത്തിയയാള്‍ കടന്നുപിടിച്ചത്. ഇതിന്‍റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ ലഭിച്ചെങ്കിലും പോലീസിന് ഇതുവരെ പ്രതികളെ പിടികൂടാനായിട്ടില്ല.
ജനുവരി 31-ന് രാത്രിയില്‍ സൈസിനിറങ്ങിയ യുവതിയെ ഉപദ്രവിച്ചയാളും അടുത്തദിവസംതന്നെ മ്യൂസിയം പോലീസിന്‍റെ പിടിയിലായി. ബൈക്കില്‍ പിന്നാലെയെത്തി പെണ്‍കുട്ടിയുടെ പുറത്ത് അടിക്കുകയായിരുന്നു.
ഫെബ്രുവരി മൂന്നിന് മ്യൂസിയം-കനകനഗര്‍ റോഡില്‍ രാത്രി 11.45-ന് അധ്യാപികയെ ആക്രമിച്ചു, നടന്നുപോവുകയായിരുന്ന അധ്യാപികയെ ബൈക്കിലെത്തിയ രണ്ടുപേര്‍ മോഷണശ്രമത്തിനിടെയാണ് ആക്രമിച്ചത്. വീട്ടമ്മയുടെ കഴുത്തിനും മുഖത്തിനും അടിയേറ്റു. പ്രതികളെ പിടികൂടാനായിട്ടില്ല.
മാർച്ച് 13-ന് രാത്രി 11-ഓടെയാണ് മരുന്നു വാങ്ങാൻ മെഡിക്കൽ സ്റ്റോറിലേക്കു പോയ സ്ത്രീയെ ആക്രമിച്ചത്. അന്നു രാത്രിതന്നെ പേട്ട പോലീസിൽ വിവരമറിയിച്ചിട്ടും സഹായം ലഭിച്ചില്ല. പകരം ഒരു മണിക്കൂറിനു ശേഷം മർദനമേറ്റ സ്ത്രീയോട് സ്റ്റേഷനിലെത്തി പരാതി നൽകാനാണ് പറഞ്ഞത്. സിറ്റി പോലീസ് കമ്മിഷണറെ നേരിട്ടു കണ്ട് പരാതി അറിയിച്ചതോടെയാണ് കേസെടുത്തത്. സി.സി.ടി.വി. ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
ആക്രമണങ്ങൾ തുടർകഥകളായിട്ടും സുരക്ഷ ഉറപ്പുവരുത്താൻ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. പോലീസിൽ വിവരമറിയിച്ചാലും സഹായം ലഭിക്കാത്തതും അക്രമികൾക്ക് അനുകൂലമാകുന്നു.