20 March, 2023 04:34:37 PM
തോൾ സഞ്ചിയില്‍ ചെറിയ പ്ലാസ്റ്റിക് കവറുകൾ, എല്ലാത്തിലും നിറയെ കഞ്ചാവ്; പ്രതി പിടിയില്‍
തിരുവനന്തപുരം: ആന്ധ്രപ്രദേശിൽ നിന്ന് 20 കിലോഗ്രാം കഞ്ചാവ് കടത്തിയ കേസിലെ പ്രതി ജാമ്യത്തിലിറങ്ങി നാട്ടിൽ വീണ്ടും കഞ്ചാവ് കച്ചവടം നടത്തവേ എക്സൈസ് പിടിയിലായി. അന്തർ സംസ്ഥാന തൊഴിലാളികൾക്കിടയിൽ കഞ്ചാവ് കച്ചവടം നടത്തി വന്ന വിഴിഞ്ഞം കോളിയൂർ ഞാറവിളവീട്ടിൽ നിതിൻ (22)നെയാണ് 1.300 കിലോ കഞ്ചാവുമായി അറസ്റ്റ് ചെയ്തത്. നെയ്യാറ്റിൻകര എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ.പി. ഷാജഹാന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.
നെയ്യാറ്റിൻകര എക്സൈസ് സർക്കിൾ പാർട്ടിയും ഐ.ബി പാർട്ടിയും സംയുക്തമായാണ് പെട്രോളിംഗ് നടത്തിയത്. മുക്കോലയിൽവെച്ചാണ് പ്രതിയെ പിടികൂടിയത്. മുക്കോല-മുട്ടക്കാട് പ്രദേശത്തെ പ്രധാന കഞ്ചാവ് ചില്ലറ മൊത്ത വിൽപനക്കാരനാണ് പ്രതിയെന്ന് അന്വേഷണ സംഘം പറഞ്ഞു. തോൾ സഞ്ചിയിൽ ചെറിയ പോളിത്തീൻ കവറുകളില്‍ സൂക്ഷിച്ചിരുന്ന കഞ്ചാവാണ് പിടിച്ചെടുത്തത്. ഐ.ബി പ്രിവന്റിവ് ഓഫിസർ കെ. ഷാജു, പ്രിവന്റിവ് ഓഫിസർ എസ്. ഷാജികുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ എസ്.പി. അനീഷ് കുമാർ, യു.കെ. ലാൽ കൃഷ്ണ, എൻ. സുഭാഷ് കുമാർ, വി. വിജേഷ്, എച്ച്.ജി. അർജുൻ, വി.ജെ. അനീഷ്, ഡ്രൈവർ സൈമൺ എന്നിവരാണ് എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നത്.
അതേസമയം മറ്റൊരു കേസില്‍ വലിയതുറ പൊലീസ് സ്റ്റേഷൻ പരിധിയിൽ കൊച്ചുതോപ്പ് ഭാഗത്തുനിന്ന് നിരോധിത മയക്കുമരുന്നായ എം.ഡി.എം.എയുമായി അഞ്ചുപേരെ പൊലീസ് പിടികൂടി. വലിയതുറ കൊച്ചുതോപ്പ് ലിസി റോഡിൽ ടി.സി.87/1411ൽ എബിയെന്ന ഇഗ്നേഷ്യസിന്റെ(23) വീട്ടിൽനിന്നാണ് വിൽപനക്കായിവെച്ച എം.ഡി.എം.എ കണ്ടെടുത്തത്.
പൂന്തുറ പള്ളിത്തെരുവ് ടി.സി 46/279ൽ മുഹമ്മദ് അസ്ലം (23), വെട്ടുകാട് ബാലനഗർ ടി.സി 90/1297ൽ ജോൺ ബാപ്പിസ്റ്റ് (24), വെട്ടുകാട് വാർഡിൽ ടൈറ്റാനിയം ടി.സി 80/611ൽ ശ്യാം ജെറോം (25), കരിക്കകം എറുമല അപ്പൂപ്പൻ കോവിലിന് സമീപം വിഷ്ണു (26) എന്നിവരെയാണ് വലിയതുറ പൊലീസ് പിടികൂടിയത്. പ്രതികളിൽനിന്ന് 1.23 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. ഈ കേസിലെ ഒന്നാം പ്രതി കൊലപാതക ശ്രമം, മയക്കുമരുന്ന് കച്ചവടം, സ്ത്രീകളെ ഉപദ്രവിക്കൽ ഉൾപ്പെടെ മറ്റ് 11 കേസുകളിൽ കൂടി പ്രതിയാണ്.