20 March, 2023 10:26:18 AM


ചോദ്യോത്തര വേള തുടങ്ങുന്നതിന് മുമ്പ് തന്നെ പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി



തിരുവനന്തപുരം:  ചോദ്യോത്തര വേള തുടങ്ങുന്നതിന് മുമ്പ് തന്നെ പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി. നിയമസഭ തർക്കങ്ങൾക്ക് സമവായമില്ലെന്നും ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ പ്രതിഷേധവുമായി മുന്നോട്ടു പോവുമെന്നും വി ഡി സതീശന്‍ സഭയില്‍ പറഞ്ഞു. സഭയില്‍ ഒരു ചര്‍ച്ചയും നടന്നില്ലെന്ന് കുറ്റപ്പെടുത്തുകയും പിണറായിക്ക് മോദിയുടെ അതേ മാനസികാവസ്ഥയാണെന്നും വിഡി സതീശൻ വിമര്‍ശിച്ചു.


സഭാ നടപടികളോട് സഹകരിക്കണമെന്ന് സ്പീക്കർ പ്രതിപക്ഷ നേതാവിനെ ഫോണിൽ വിളിച്ച് ആവശ്യപ്പെട്ടിരുന്നെങ്കിലും തുടക്കത്തിലെ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തിറങ്ങുകയായിരുന്നു. ഉന്നയിച്ച കാര്യങ്ങളിൽ തീരുമാനമാകാതെ വിട്ടുവീഴ്ചയില്ലെന്നാണ് പ്രതിപക്ഷം അറിയിച്ചത്. പ്ലകാർഡുമായിട്ടാണ് പ്രതിപക്ഷം ഇന്ന് സഭയിലെത്തിയത്.


പ്രതിപക്ഷത്തെ പ്രകോപിച്ച് മറുപടി പറയാതെ രക്ഷപ്പെടാനുള്ള ശ്രമമാണ് മുഖ്യമന്ത്രിയുടെതേന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. രാഹുൽ ഗാന്ധിയുടെ വീട്ടിലേക്ക് പൊലീസിനെ അയച്ച മോദിയുടെ നടപടിയുടെ തുടർച്ചയാണ് കേരളത്തിലെന്നും വി ഡി സതീശന്‍ ആരോപിച്ചു. തുടര്‍ന്ന് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു.


പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് സഭ താൽക്കാലികമായി നിർത്തി വച്ചു. അരമണിക്കൂർ മാത്രമാണ് ചോദ്യോത്തര വേള നീണ്ടത്. 11 മണിക്ക് കാര്യോപദേശക സമിതി ചേരും. പ്രതിപക്ഷം കാണിക്കുന്നത് ശുദ്ധ മര്യാദ കേടെന്ന് മന്ത്രി സജി ചെറിയാൻ കുറ്റപ്പെടുത്തി.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K