16 March, 2023 02:58:54 PM
യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിനിടയില്‍ കോലം കത്തിക്കലും വാക്കേറ്റവും
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് പ്രതിഷേധം തുടരുന്നതിനിടെ ദൃശ്യങ്ങൾ ചിത്രീകരിച്ച മാധ്യമപ്രവർത്തകർക്ക് നേരെ പ്രവർത്തകർ തിരിഞ്ഞു. ചിലർ ക്യാമറകൾക്ക് മുന്നിൽ വന്ന്, തട്ടിമാറ്റി. ഇതിനിടെ മാധ്യമപ്രവർത്തകരും യൂത്ത് കോൺഗ്രസ് പ്രവർത്തകരും തമ്മിൽ ഏറെ നേരം വാക്കേറ്റമുണ്ടായി. പൊലീസ് പല തവണ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും അവർ പിന്തിരിഞ്ഞില്ല. പലപ്രാവശ്യം പൊലീസും യൂത്ത് കോൺഗ്രസ് പ്രവർത്തകരും നേർക്ക് നേർ ഏറ്റുമുട്ടി. ഏറെ നേരം ഇവിടെ സംഘർഷസാഹചര്യം നിലനിന്നിരുന്നു.
മുഖ്യമന്ത്രി, സ്പീക്കർ, പൊതുമരാമത്ത് വകുപ്പ് മന്ത്രി എന്നിവരുടെ കോലവുമായാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി എത്തിയത്. അതിന് മുമ്പ് മഹിളാ കോൺഗ്രസ് പ്രവർത്തകരും മന്ത്രി മുഹമ്മദ് റിയാസിന്‍റെ പ്രസ്താവനയിൽ പ്രതിഷേധിച്ചു കൊണ്ട് ഒരു വാഴയിൽ മുഹമ്മദ് റിയാസിന്‍റെ മുഖം വെച്ചുകൊണ്ട് എത്തുകയുണ്ടായി. അതുപോലെ സ്പീക്കറുടെ കോലം കത്തിച്ചു.
ഇതിന് ശേഷമാണ് ബാരിക്കേഡ് തള്ളിമാറ്റി മുന്നോട്ട് പോകാനുളള യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ശ്രമം തടഞ്ഞത്. പൊലീസുമായി നേർക്കു നേർ ഏറ്റുമുട്ടിയ പ്രതിഷേധക്കാരെ പിരിച്ചുവിടാനായി പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. എന്നിട്ടും പ്രതിഷേധക്കാർ പിരിഞ്ഞു പോകാൻ കൂട്ടാക്കിയില്ല. ഇതിനിടെയാണ് ദൃശ്യങ്ങൾ ചിത്രീകരിച്ച മാധ്യമപ്രവർത്തകരുടെ ക്യാമറ തട്ടി മാറ്റാൻ ചിലർ ശ്രമിച്ചത്. ഇത് വീണ്ടും സംഘർഷത്തിനിടയാക്കി. പൊലീസും നേതാക്കളും ഇടപെട്ടാണ് പ്രതിഷേധക്കാരെ പിടിച്ചു മാറ്റിയത്.