16 March, 2023 12:48:07 PM


പിണറായി സ്റ്റാലിനാകാന്‍ ശ്രമിക്കുന്നു' പ്രതിപക്ഷ നേതാവ് വി .ഡി സതീശന്‍



തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ സ്റ്റാലിനാകാന്‍ ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. 'എല്ലാരും പറഞ്ഞിരുന്നത് പിണറായി മോദിക്ക് പഠിക്കുകയാണെന്നാണ്. എന്നാല്‍ ഇപ്പോള്‍ മുഖ്യമന്ത്രി മോദിയുടെയും മുകളിലായി സ്റ്റാലിനാകാനുള്ള ശ്രമമാണ് നടത്തുന്നത്' വി.ഡി സതീശന്‍ പറഞ്ഞു. അടിയന്തപ്രമേയം അവതരിപ്പിക്കുക എന്നത് പ്രതിപക്ഷത്തി‌ന്‍റെ അവകാശമാണ്. എന്നാല്‍ ഇത് മുഖ്യമന്ത്രിക്ക് അലോസരമുണ്ടാക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ആയിരുന്നു പ്രതിപക്ഷ നേതാവിന്‍റെ പ്രതികരണം.


ഭരണകക്ഷി നല്‍കുന്ന അവസരത്തില്‍ മാത്രം പ്രതിപക്ഷം സംസാരിക്കണമെന്ന നിലവാരത്തിലേക്ക് മുഖ്യമന്ത്രി നിയമസഭയെ താഴ്ത്തി. മുഖ്യമന്ത്രിക്ക് അടിയന്തര പ്രമേയ ചര്‍ച്ചകളേയും പ്രതിപക്ഷത്തെയും പേടിയാണ്. സര്‍ക്കാരിന്‍റെ നിലപാടിനൊപ്പമാണ് സ്പീക്കര്‍ നില്‍ക്കുന്നതെന്നാണ് അദ്ദേഹത്തോടുള്ള പരാതിയെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.


ഭരണ പ്രതിപക്ഷം സംഘര്‍ഷം ചര്‍ച്ച ചെയ്യാന്‍ വ്യാഴാഴ്ച സ്പീക്കര്‍ വിളിച്ച കക്ഷി നേതാക്കളുടെ യോഗത്തിലും സമവാക്യമുണ്ടായില്ല. എല്ലാക്കാര്യത്തിലും റൂൾ 50 അനുവദിക്കാൻ ആകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എന്നാൽ റൂൾ 50 അനുവദിച്ചില്ലെങ്കിൽ സഭ നടക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ തിരിച്ചടിച്ചു. തർക്കം മുറുകിയതോടെ കക്ഷിനേതാക്കളുടെ യോഗം ധാരണയാകാതെ പിരിഞ്ഞു.


കഴിഞ്ഞ ദിവസത്തെ സംഭവങ്ങളിൽ നടപടി വേണമെന്ന നിലപാടിൽ പ്രതിപക്ഷം ഉറച്ചുനിന്നു. എന്നാൽ സമാന്തര സഭയിൽ നടപടി വേണമെന്ന ആവശ്യം ഉയർത്തി ഭരണപക്ഷം. ഇതിനുശേഷം സഭ ചേർന്നെങ്കിലും പ്രതിപക്ഷം ബഹളം തുടർന്നതോടെ നടപടികൾ വേഗത്തിൽ പൂർത്തിയാക്കി ഇന്നത്തേക്ക് പിരിഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K