14 March, 2023 12:57:47 PM
ബ്രഹ്മപുരത്തെ തീ അണഞ്ഞതിൽ പ്രതിപക്ഷത്തിന് വിഷമം ഉള്ളതു പോലെ: മന്ത്രി പി രാജീവ്
തിരുവനന്തപുരം: ബ്രഹ്മപുരത്തെ തീ അണഞ്ഞതിൽ വിഷമം ഉള്ളതുപോലെയാണ് പ്രതിപക്ഷത്തിന്‍റെ ഇടപെടലെന്ന് മന്ത്രി പി രാജീവ്. നാടാകെ ഒറ്റക്കെട്ടായി നിൽക്കേണ്ട സമയമാണെന്നും വിവിധ സേനകളുടെ സഹായത്തിൽ തീ അണക്കാൻ കഴിഞ്ഞത് അഭിമാനകരമെന്നും പി രാജീവ് നിയമസഭയിൽ പറഞ്ഞു.
ബ്രഹ്മപുരം വിഷയത്തിൽ നിയമസഭ ഇന്നും പ്രക്ഷുബ്ധമായി. അടിയന്തര പ്രമേയത്തിന് സ്‌പീക്കർ അനുമതി നിഷേധിച്ചതിനു പിന്നാലെ നടത്തുതളത്തിൽ ഇറങ്ങിയ പ്രതിപക്ഷം സമാന്തര സഭ ചേർന്നു. പി സി വിഷ്ണുനാഥന്‍റെ അധ്യക്ഷതയിൽ ചേർന്ന സമാന്തര സഭയിൽ റോജി എം ജോൺ നോട്ടീസ് അവതരിപ്പിച്ചു.
കൗൺസിലർമാരുടെ സമരത്തിനെതിരായ പൊലീസ് നടപടിയാണ് പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടിസ് ആയി ഉന്നയിച്ചത്. പൊലീസ് അഴിഞ്ഞാടിയെന്നും പ്രതിപക്ഷ കൗൺസിലർമാരെ പൂട്ടിയിട്ടതായും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. മുഖ്യമന്ത്രിക്ക് മറുപടി പറയേണ്ടിവരും എന്നതിനാലാണ് നോട്ടീസ് അനുവദിക്കാത്തതെന്നും വി ഡി സതീശൻ തുറന്നടിച്ചു. സമാന്തര സഭയ്ക്ക് ശേഷം നടുത്തളത്തിൽ ഇറങ്ങിയ പ്രതിപക്ഷം പിന്നീട് സഭ ബഹിഷ്കരിച്ചു.
ഇതിനിടയിൽ ബാനർ കൊണ്ട് ചെയറിനെ മുഖം മറിച്ചുള്ള പ്രതിപക്ഷ പ്രതിഷേധത്തിനിടെ സ്‌പീക്കർ നടത്തിയ പരമാർശവും വിവാദമായി. ജനങ്ങൾ ഇതെല്ലാം കാണുന്നുണ്ട്. പലരും നേരിയ മാർജിനിൽ ജയിച്ചു വന്നവരാണ്. ഷാഫി അടുത്ത തവണ തോറ്റുപോകുമെന്നുമായിരുന്നു സ്പീക്കർ പറഞ്ഞത്.