13 March, 2023 12:01:00 PM


'ബ്രഹ്മപുരം തീപിടിത്തം; സിബിഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷം നിയമസഭയിൽ



തിരുവനന്തപുരം:ബ്രഹ്മപുരം മാലിന്യപ്ലാന്‍റിലെ തീപിടിത്തം കേരളം കണ്ട ഏറ്റവും വലിയ മനുഷ്യ നിർമിത ദുരന്തമെന്ന് പ്രതിപക്ഷം നിയമസഭയിൽ. ഈ ക്രിമിനൽ നടപടി സിബിഐ അന്വേഷണം വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. കോവിഡ് കാലത്ത് മാസ്ക് ധരിച്ചെങ്കിലും പുറത്ത് ഇറങ്ങാമായിരുന്നു. എന്നാലിന്ന് കൊച്ചിയിൽ അതിനും കഴിയാത്ത സ്ഥിതിയാണ്. ഭരണകൂടത്തിന്‍റെ പിടിപ്പുകേടാണ് ഈ ദുരന്തത്തിന് കാരണം- അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയ ടി ജെ വിനോദ് എംഎൽഎ സഭയിൽ പറഞ്ഞു.


തീ പൂർണമായി അണച്ചെന്ന ആരോധ്യ മന്ത്രിയുടെ വാദം തള്ളിയ പ്രതിപക്ഷം തീ പൂർണമായും അണച്ചിട്ടില്ലെന്നും സഭയിൽ പറഞ്ഞു. വിഷയത്തിൽ സർക്കാർ പൂർണ പരാജയമാണ്. ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർക്ക് വെള്ളത്തിന് ക്യു നിൽക്കേണ്ട അവസ്ഥ വരെ വന്നു. പ്രതിഷേധം ഭയന്ന് വിഷയം ലഘൂകരിക്കാനാണ് ഭരണപക്ഷം ശ്രമിക്കുന്നത്.


4 ന് തദ്ദേശ മന്ത്രി നിയമസഭയിൽ ലാഘവത്തോടെയാണ് മറുപടി നൽകിയത്. ഹൈക്കോടതി ഇടപെട്ട ശേഷം മാത്രമാണ് മുഖ്യമന്ത്രി യോഗം വിളിച്ചത്. ഹൈക്കോടതി ഇടപെട്ട ശേഷമാണ് സർക്കാർ ഊർജിതമായി വിഷയത്തിൽ ഇടപെട്ടത്. എൻഡോസൾഫാൻ ദുരന്തത്തിന് സമാനമാണ് ബ്രഹ്മപുരത്തേത്. തീ കെടുത്താൻ ആദ്യ രണ്ടു ദിവസം ഒരു ഏകോപനം ഉണ്ടായില്ല. മന്ത്രി പറഞ്ഞതിന്‍റെ ഇരട്ടി ആളുകളാണ് വീടുകൾക്ക് ഉള്ളിൽ ബുദ്ധിമുട്ടുന്നതെന്നും പ്രതിപക്ഷം വ്യക്തമാക്കി.


ബ്രഹ്മപുരം മാലിന്യപ്ലാന്‍റിലെ  തീപിടിത്തവും കൊച്ചിയിലെ വിഷപ്പുകയും സഭയിൽ ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ടി ജെ വിനോദ് എംഎൽഎയാണ് അടിയന്തപ്രമേയത്തിന് നോട്ടീസ് നൽകിയത്. ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ തീപിടിത്തം മൂലം കഴിഞ്ഞ 11 ദിവസമായി മാരക വിഷവാതകം അന്തരീക്ഷത്തിൽ പടരുന്നത് ജനങ്ങളിൽ അതീവ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുകയാണെന്നും ഇത് സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നായിരുന്നു പ്രതിപക്ഷത്തിന്‍റെ ആവശ്യം.  മറുപടി നൽകിയ ആരോഗ്യ മന്ത്രി തീയണച്ചുവെന്നും കൊച്ചിയിലെ വായു ഗുണനിലവാരം ഉയർന്നുവെന്നും സഭയെ അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K