08 March, 2023 03:09:28 PM


'പവിത്ര കരഞ്ഞു പറഞ്ഞിട്ടും പറക്കൽ തുടർന്നു'; പാരാഗ്ലൈഡിങ് അപകടത്തില്‍ എഫ്ഐആര്‍



തിരുവനന്തപുരം: വർക്കലയിലെ പാരാഗ്ലൈഡിങ്ങിനിടെ ഹൈമാസ്റ്റ് ലൈറ്റിൽ കുടുങ്ങിയുണ്ടായ അപകടത്തിനു കാരണം ഉത്തരാഖണ്ഡുകാരനായ പരിശീലകന്‍റെ പിഴവെന്ന് എഫ്ഐആർ. പരിശീലകന്‍റെ അല‍ക്ഷ്യമായ പറക്കലാണ് അപകടത്തിന് കാരണം എന്നാണ് എഫ്ഐആറിൽ പറയുന്നത്. ഗ്ലൈഡിങ് തുടങ്ങി 5-ാം മിനിറ്റിൽ തന്നെ നിയന്ത്രണം നഷ്ടമായിരുന്നു. അപകട സൂചന നൽകി അടിയന്തരമായി താഴെയിറക്കാന്‍ യാത്രക്കാരി കോയമ്പത്തൂർ സ്വദേശിനിയായ പവിത്ര ആവശ്യപ്പെട്ടിട്ടും പരിശീലകന്‍ പറക്കൽ തുടർന്നുവെന്നും എഫ്ഐആറിൽ പറയുന്നു.

അതേസമയം കേസന്വേഷണം അട്ടിമറിക്കാന്‍ ശ്രമം നടന്നതായി സംശയം ഉയർന്നിട്ടുണ്ട്. അപകടത്തിൽ പരിക്കേറ്റ കോയമ്പത്തൂർ സ്വദേശിയായ പവിത്രയിൽ നിന്ന് പാരാഗ്ലൈഡിങ് ജീവനക്കാർ സ്റ്റാമ്പ് ഒട്ടിച്ച വെള്ള പേപ്പറിൽ ഒപ്പിട്ടു വാങ്ങിയിരുന്നു. ആശുപത്രി ജീവനക്കാരിയെന്ന വ്യാജേന എത്തിയാണ് ഒപ്പിട്ടു വാങ്ങിയത്.

സംഭവത്തിൽ ഇതുവരെ 3 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പാരാഗ്ലൈഡിങ് ട്രെയിനർ സന്ദീപ്, പാരാഗ്ലൈഡിങ് കമ്പനി ജീവനക്കാരായ ശ്രേയസ്, പ്രഭുദേവ എന്നിവരാണ് അറസ്റ്റിലായത്. ഫ്ളൈ അഡ്വഞ്ചേഴ്സ് സ്പോർട് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്കെതിരെയും കേസെടുത്തിട്ടുണ്ട്. മന:പൂർവമല്ലാത്ത നരഹത്യയ്ക്കാണ് ഇവർക്കെതിരെ കേസെടുത്തത്. ഇതിന്‍റെ ഉടമകൾ ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു. പാപനാശത്ത് പാരാഗ്ലൈഡിങ് കമ്പനിക്ക് അനുമതി ഇല്ലാതെയാണ് പ്രവർത്തിച്ചത് എന്ന് പൊലീസ് പറയുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K