15 February, 2023 04:51:36 PM


മർദ്ദനമേറ്റ വീട്ടമ്മ ജീവനൊടുക്കിയ സംഭവം, ക്ഷേത്രം ഉപദേശകസമിതി പ്രസിഡന്‍റ് അറസ്റ്റിൽ



തിരുവനന്തപുരം : പുലയനാർകോട്ടയിൽ മർദ്ദനമേറ്റ വീട്ടമ്മ ജീവനൊടുക്കിയ സംഭവത്തിൽ ശ്രീ മഹാദേവർ ക്ഷേത്രം ഉപദേശകസമിതി പ്രസിഡന്‍റ് അശോകൻ അറസ്റ്റിൽ. ദേവസ്വം സ്വത്തുമായുള്ള അതിർത്തി തർക്കത്തിനിടെ ഇയാൾ വിജയകുമാരിയെ മർദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിൽ മനംനൊന്താണ് വിജയകുമാരി ആത്മഹത്യ ചെയ്തത്. സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്ത ശേഷമാണ് അശോകനെ മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തത്.

സ്ത്രീയ്ക്കെതിരായ ആക്രമണം, ആയുധം ഉപയോഗിച്ച് ആക്രമിക്കുക തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ്. അതിർത്തി തർക്കത്തിൽ ക്ഷേത്രം ഭാരവാഹികൾക്കെതിരെ ആത്മഹത്യാകുറിപ്പും ശബ്ദസന്ദേശവും തയ്യാറാക്കിയ ശേഷമാണ് ഈ മാസം 11 ന്  വിജയകുമാരി തൂങ്ങിമരിച്ചത്. വീടിനോടു ചേർന്നുള്ള മഹാദേവക്ഷേത്രത്തിന്‍റെ ഉപദേശകസമിതി പ്രസിഡന്‍റും അയൽവാസിയുമായ ജി.എസ്.അശോകനും സംഘവും ആക്രമിച്ചതിൽ മനംനൊന്ത് ജിവനൊടുക്കുന്നുവെന്നാണ് ഫോണിൽ റെക്കോഡ് ചെയ്ത വിജയകുമാരിയുടെ മൊഴിയിൽ പറയുന്നത്.

ക്ഷേത്രകമ്മിറ്റിയും വിജയകുമാരിയുടെ കുടുംബവും തമ്മിൽ വര്‍ഷങ്ങാളായി അതിര്‍ത്തി തര്‍ക്കമുണ്ട്. ഉത്സവത്തിന്‍റെ ഭാഗമായി നാലിന് ജെ സി ബി ഉപയോഗിച്ച് ക്ഷേത്ര പരിസരം വൃത്തിയാക്കുന്നതിനിടെ ദേവസ്വം ഭൂമിയും കുടുംബ സ്വത്തും വേര്‍തിരിക്കാൻ വിജയകുമാരി സ്ഥാപിച്ച സര്‍വ്വേ കല്ല് പിഴുതുമാറ്റി. ഇതിന് പിന്നാലെയായിരുന്നു തര്‍ക്കം. ചോദ്യം ചെയ്തപ്പോൾ അറസ്റ്റിലായ അശോകനും കുടുംബവും വെട്ടു കത്തിയുമായി ഭീഷണിപ്പെടുത്തിയതിന്‍റെ ദൃശ്യവും പുറത്ത് വന്നിട്ടുണ്ട്.  വിജയകുമാരിയെ ആക്രമിച്ചെന്ന പരാതിയിൽ ക്ഷേത്രം പ്രസിഡണ്ടിനെതിരെ പൊലീസ് നേരത്തെ കേസെടുത്തിരുന്നു. 




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K