27 January, 2023 07:05:53 PM


പത്തനംതിട്ടയിൽ കോൺക്രീറ്റ് മിക്സിങ് ലോറിയും ബസും കൂട്ടിയിടിച്ച് 20 പേർക്ക് പരിക്ക്



പത്തനംതിട്ട: കൈപ്പട്ടൂരിൽ കോൺക്രീറ്റ് മിക്സിങ് ലോറിയും സ്വകാര്യ ബസും കൂട്ടിയിടിച്ച് 20 പേർക്ക് പരിക്ക്. കൈപ്പട്ടൂർ ഹൈസ്ക്കൂൾ ജംഗ്ഷനു സമീപമാണ് അപകടം. പരിക്കേറ്റവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാലുപേരുടെ നില ഗുരുതരമാണ്. ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണം. 

ഇന്ന് രാവിലെ 10.15നാണ് കൈപ്പട്ടൂർ ഹൈസ്ക്കൂൾ ജംഗഷനു സമീപം സ്വകാര്യ ബസും കോൺക്രീറ്റ് മിക്സിംഗ് യൂണിറ്റുമായി വന്ന ലോറിയും കൂട്ടിയിടിച്ച് അപകടം ഉണ്ടായത്. അപകടത്തിൽ പരിക്കേറ്റവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിലും അടൂർ താലുക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. നിയന്ത്രണം വിട്ട് വന്ന ലോറിയുടെ പിൻഭാഗം ബസിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ പരിക്കേറ്റവരെ ഉടൻ തന്നെ ഫയർ ഫോഴ്സ് ജീവനക്കാരും നാട്ടുകാരും ചേർന്ന് രക്ഷപെടുത്തി ആശുപത്രിയിൽ എത്തിച്ചു.

അപകടത്തിന് കാരണമായ ലോറി അമിത വേഗതയിലായിരുന്നു എന്ന് ദൃക്സാക്ഷികൾ പറഞ്ഞു. പത്തനംതിട്ടയിൽനിന്ന് അടൂരിലേക്ക് പോയ യൂണിയൻ എന്ന ബസിലേക്കാണ് ലോറി ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ ബസ് റോഡിന് വശത്തേക്ക് മറിയുകയായിരുന്നു. അപകടത്തെ തുടർന്ന് പത്തനംതിട്ട-അടൂർ, റോഡിൽ അര മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. പിന്നീട് പൊലീസും നാട്ടുകാരും ഇടപെട്ടെ അപകടത്തിൽപ്പെട്ട വാഹനങ്ങൾ റോഡിൽനിന്ന് മാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. ജില്ലാ കളക്ടർ ദിവ്യ എസ് അയ്യർ അപകട സ്ഥലം സന്ദർശിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K