21 January, 2023 06:17:52 PM
മകളോട് മോശമായി സംസാരിച്ചത് ചോദ്യം ചെയ്ത അച്ഛന് മദ്യപസംഘത്തിന്‍റെ മർദനം
കൊല്ലം: മകളോട് മോശമായി സംസാരിച്ചത് ചോദ്യം ചെയ്ത പിതാവിന് മദ്യപ സംഘത്തിന്‍റെ മർദ്ദനം. തൊട്ടുപിന്നാലെ പിതാവ് തൂങ്ങിമരിച്ചു. കൊല്ലം ആയൂർ സ്വദേശി അജയകുമാറിനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മദ്യപരുടെ മർദനത്തിൽ മനംനൊന്ത് അജയകുമാർ ജീവനൊടുക്കിയതെന്ന പരാതിയുമായി കുടുംബം രംഗത്തെത്തിയത്.
ഈ മാസം 19ന് രാത്രിയായിരുന്നു അജയ കുമാറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇതേദിവസം വൈകിട്ടാണ് അജയകുമാറിനെ വീടിനടുത്ത് വെച്ച് മദ്യപസംഘം മർദിച്ചത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മദ്യപസംഘത്തെ കണ്ടെത്താൻ തിരച്ചിൽ ആരംഭിച്ചു. പ്രതികളെ ഉടൻ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.