09 December, 2022 02:36:23 PM


പെൺകുട്ടിയെ പീ‍ഡിപ്പിച്ച കേസിൽ പ്രതിയായ ഡിവൈഎഫ്ഐ നേതാവ് പൊലീസ് റാങ്ക് ലിസ്റ്റിലും



തിരുവനന്തപുരം: പോക്സോ കേസിൽ അറസ്റ്റിലായ ഡിവൈഎഫ്ഐ നേതാവ് പൊലീസ് കോൺസ്റ്റബിൾ‌ പി എസ് സി റാങ്ക് ലിസ്റ്റിലും ഉൾപ്പെട്ടിരുന്നതായി പൊലീസ്. യൂണിവേഴ്സിറ്റി കോളേജിലെ കത്തിക്കുത്ത് കേസിലെ പ്രതികളായ എസ്എഫ്ഐ നേതാക്കൾ ഉൾപ്പെട്ട റാങ്ക് ലിസ്റ്റിലാണ് ജിനേഷും ഉൾപ്പെട്ടത്. 

വധശ്രമക്കേസിൽ പ്രതിയായതിനാലാണ് ജിനേഷിന് പൊലീസിൽ നിയമനം ലഭിക്കാതിരുന്നത്. പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ പീ‍ഡിപ്പിച്ച കേസിൽ ജിനേഷ് ഉൾപ്പെടെ എട്ട് പ്രതികൾ റിമാൻ‍ഡിലാണ്. ജിനേഷ് ജയന് ലഹരി ഇടപാടുകളും ഉണ്ടായിരുന്നതായി പൊലീസ് കണ്ടെത്തി. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റസമ്മതം നടത്തിയെന്ന് പൊലീസ്.

ഡിവൈഎഫ്ഐ തിരുവനന്തപും വിളവൂര്‍ക്കൽ മേഖലാ പ്രസിഡന്‍റായിരുന്ന ജിനേഷ് ജയന്‍ യുവതികളെ വലയിലാക്കിയത് സമൂഹമാധ്യമങ്ങളിലൂടെയാണെന്ന് പൊലീസ് കണ്ടെത്തി. കഴിഞ്ഞ ദിവസം ജിനേഷിന്‍റെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ മുപ്പതോളം സ്ത്രീകൾക്കൊപ്പമുള്ള ദൃശ്യങ്ങൾ കണ്ടെത്തിയിരുന്നു. എന്നാല്‍ ഇതില്‍ പലതും പരസ്പര സമ്മതപ്രകാരമുള്ള ബന്ധമായതിനാൽ ആരും പരാതി നല്‍കിയിട്ടില്ല.

പൊലീസ് പിടിച്ചെടുത്ത ഫോൺ ഫോറെൻസിക് പരിശോധനക്ക് അയച്ചിരിക്കുകയാണ്. പലരെയും ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചുമാണ് ഇയാള്‍ ചൂഷണത്തിന് വിധേയമാക്കിയതെന്നും പൊലീസ് സംശയിക്കുന്നു. അതേസമയം കഞ്ചാവ് അടക്കം ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നതായി ജിനേഷ് പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. നിലവില്‍ ലഹരി ഇടപാട് അന്വേഷണത്തിന്‍റെ പരിധിയിലില്ല. ലഹരി ഇടപാടുകളിലെ ഏജന്‍റായി ജിനേഷ് പ്രവര്‍ത്തിച്ചിട്ടുണ്ടോയെന്ന കാര്യം പിന്നീട് പരിശോധിക്കാനാണ് പൊലീസിന്‍റെ തീരുമാനം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K