06 December, 2022 11:59:17 AM
അരി വാങ്ങിയാല്‍ ചെള്ള് ഫ്രീ; 'കീര്‍ത്തി നിര്‍മ്മല്‍' അരിക്കെതിരെ വീണ്ടും പരാതികള്‍
തിരുവനന്തപുരം: കീര്‍ത്തി നിര്‍മ്മല്‍ അരിക്കെതിരെ വീണ്ടും പരാതി. തിരുവനന്തപുരത്തെ ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍നിന്നും വാങ്ങിയ അരി നിറയെ ചെള്ളായിരുന്നു എന്നാണ് പേരൂര്‍ സ്വദേശി അനീഷിന്‍റെ പരാതി. പോങ്ങമൂടിലെ സെന്‍ട്രിയല്‍ ബസാറില്‍ നിന്നും ഏതാനും ആഴ്ചകള്‍ക്കുമുമ്പാണ് അനീഷ് അരി വാങ്ങിയത്. കടയില്‍ എത്തി പരാതിപ്പെട്ടതോടെ അവര്‍ അരി മാറ്റി നല്‍കി തടിതപ്പി.
കഴിഞ്ഞ ദിവസം കോട്ടയം ജില്ലയിലെ ഏറ്റുമാനൂരിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നും പൂപ്പലും പുഴുക്കട്ടകളും നിറഞ്ഞ് ദുര്‍ഗന്ധപൂരിതമായ അരി ലഭിച്ച ഉപഭോക്താവ് ഭക്ഷ്യസുരക്ഷാവകുപ്പിന് പരാതി നല്‍കിയിരുന്നു. പായ്ക്കറ്റ് തുറന്നതേ വീട് മുഴുവന്‍ ദുര്‍ഗന്ധം പരന്നതിനെതുടര്‍ന്ന് പാത്രത്തിലേക്ക് കുടഞ്ഞിട്ടപ്പോഴാണ് അരി മുഴുവന്‍ പൂപ്പലും പുഴുക്കട്ടകളും നിറഞ്ഞ് കാണപ്പെട്ടത്. ഈ സംഭവം വാര്‍ത്തയായതിനു പിന്നാലെയാണ് തന്‍റെ ദുരനുഭവം വിവരിച്ച് അനീഷും രംഗത്തെത്തിയത്.
2022 നവംബറില്‍ പായ്ക്ക് ചെയ്തുവെന്ന് പായ്ക്കറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്ന അരിയാണ് ഈ വിധം ഭക്ഷ്യയോഗ്യമല്ലാതായത്. അഞ്ച് കിലോയ്ക്ക് 407 രൂപ ഈടാക്കിയ അരി ആറ് മാസം വരെ ഉപയോഗിക്കാം എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. കാലടി മറ്റൂരില്‍ പ്രവര്‍ത്തിക്കുന്ന കീര്‍ത്തി അഗ്രോമില്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്‍റേതാണ് 'കീര്‍ത്തി നിര്‍മ്മല്‍' എന്ന പേരിലുള്ള അരി. എന്നാല്‍ ഇതേക്കുറിച്ച് അന്വേഷിച്ചപ്പോള്‍ അരി കേടായതിന്‍റെ കാരണം വ്യാപാരിയുടെ തലയില്‍ കെട്ടിവെച്ച് രക്ഷപെടാനുള്ള ശ്രമമാണ് കമ്പനിയുടെ ഭാഗത്തുനിന്നുണ്ടായത്.