11 November, 2022 08:34:47 PM


ഹോൺ മുഴക്കിയെന്ന് ആരോപിച്ച് സർക്കാർ ജീവനക്കാരനെ മർദിച്ചവരെ തിരിച്ചറിഞ്ഞു



തിരുവനന്തപുരം: ഹോൺ മുഴക്കിയെന്ന് ആരോപിച്ച് നീറമൺകരയിൽ സർക്കാർ ജീവനക്കാരനെ നടു റോഡിൽ മർദ്ദിച്ച സംഭവത്തിൽ പ്രതികളെ തിരിച്ചറിഞ്ഞു. കുഞ്ചാലുംമൂട് സ്വദേശികളായ അഷ്ക്കർ, അനീഷ് എന്നിവരാണ് ബൈക്കിലിരുന്ന സർക്കാർ ജീവനക്കാരനെ മർദ്ദിച്ചതെന്ന് പൊലീസ് പറയുന്നു. ഇവർ ഒളിവിലാണ്. സി.സി.റ്റി.വി ദ്യശ്യങ്ങൾ പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്.

സംഭവത്തിൽ കരമന പൊലീസ് കേസെടുത്തിരുന്നു. മർദനം, അസഭ്യവർഷം, തടഞ്ഞു നിർത്തി ഉപദ്രവിക്കൽ എന്നിവയ്ക്കാണ് കേസ്. തിരുവനന്തപുരത്ത് വെച്ചാണ് ട്രാഫിക് സിഗ്നലിൽ ഹോൺ മുഴക്കിയെന്ന് ആരോപിച്ച് സർക്കാർ ജീവനക്കാരനെ ക്രൂരമായി മർദിച്ചത്. നെയ്യാറ്റിൻകര സ്വദേശി പ്രദീപിനാണ് നിറമൺകരയിൽ വെച്ച് ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കളുടെ മർദനമേറ്റത്.

കഴി‍ഞ്ഞ എട്ടാം തീയതിയാണ് കേസിനാസ്പദമായി സംഭവം. വൈകിട്ട് ആറരയോടെ നിറമൺ​കരയിൽ സി​ഗ്നലിന് സമീപം പ്രദീപിന്റെ പുറകിലുണ്ടായിരുന്ന ബൈക്ക് ഹോൺ മുഴക്കി. പ്രദീപാണ് ഹോൺ മുഴക്കിയതെന്നാരോപിച്ച് മുൻപിൽ പോയിരുന്ന ബൈക്കിലെ യുവാക്കൾ പ്രദീപിനെ മർദിക്കുകയായിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K