11 November, 2022 04:53:58 PM
വിവാദകത്തുകൾ: വിജിലന്‍സ് അന്വേഷിക്കും; പ്രാഥമിക പരിശോധനയ്ക്ക് നിര്‍ദേശം
തിരുവനന്തപുരം: നഗരസഭാ കത്ത് വിവാദത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് നിര്‍ദേശം. മേയര്‍ ആര്യ രാജേന്ദ്രന്‍റെയും ഡി.ആര്‍ അനിലിന്‍റെയും പേരിലുള്ള കത്തുകള്‍ പരിശോധിക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഇതില്‍ ഏതെങ്കിലും തരത്തില്‍ അഴിമതി നടന്നിട്ടുണ്ടോ എന്ന് കണ്ടെത്തുന്നതിന് പ്രാഥമിക പരിശോധന നടത്താനാണ് വിജിലന്‍സ് മേധാവി നിര്‍ദേശിച്ചത്. ഉപയോഗിച്ച ലെറ്റര്‍ പാഡിൽ എഡിറ്റ് ചെയ്ത് തയ്യാറാക്കിയ കത്താണ് പ്രചരിച്ചതെന്നാണ് മേയര്‍ ക്രൈംബ്രാഞ്ചിന് നല്‍കിയ മൊഴി.
എന്നാല്‍ പ്രചരിക്കുന്ന കത്ത് എഴുതിയത് താനാണെന്ന് സമ്മതിക്കുന്നുണ്ടെങ്കിലും അത് പ്രചരിച്ചത് എങ്ങനെയാണ് എന്നതിനെ സംബന്ധിച്ച് പൊലീസ് അന്വേഷിക്കണമെന്നതാണ് ഡി.ആര്‍ അനിലിന്‍റെ ആവശ്യം. കത്ത് എഴുതിക്കഴിഞ്ഞപ്പോള്‍ അത് ശരിയല്ലെന്ന് തോന്നിയതിനാല്‍ അത് കൊടുത്തില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. കത്തു വിവാദത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് മേയര്‍ ആര്യാ രാജേന്ദ്രന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. താന്‍ പരാതി മുഖ്യമന്ത്രിക്ക് നല്‍കിയിരുന്നു. സര്‍ക്കാരിലും മുഖ്യമന്ത്രിയിലും വിശ്വാസമുണ്ട്. അതില്‍ അന്വേഷണം കൃത്യമായി നടക്കുന്നുണ്ട് എന്ന അഭിപ്രായമാണ് തനിക്കുള്ളതെന്നും മേയര്‍ അഭിപ്രായപ്പെട്ടു.