27 September, 2022 03:49:53 PM
കാട്ടാക്കട സംഭവം: ഒരു കെ.എസ്.ആര്‍.ടി.സി ജീവനക്കാരന്‍ കൂടി സസ്പെന്‍ഷനില്‍
തിരുവനന്തപുരം: കാട്ടാക്കട സംഭവത്തില്‍ ഒരു ജീവനക്കാരന് കൂടി സസ്പെൻഷൻ. കാട്ടക്കട ഡിപ്പോയിൽ കൺസഷൻ എടുക്കാനെത്തിയ വിദ്യാർത്ഥിയോടും പിതാവിനോടും അപമര്യാദയായി പെരുമാറിയ സംഭവത്തിൽ ഒരു ജീവനക്കാരനെക്കൂടെ കെഎസ്ആർടിസി അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു.
കാട്ടാക്കട യൂണിറ്റിലെ മെക്കാനിക് എസ് അജികുമാറിനെ ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയതായി വിജിലൻസ് വിഭാഗം നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് സസ്പെന്‍റ് ചെയ്തത്. ഈ സംഭവത്തിൽ നേരത്തെ നാല് ജീവനക്കാരെ സസ്പെൻഡ് ചെയ്തിരുന്നു. അന്വേഷണത്തിന്‍റെ ഭാഗമായി വിജിലൻസ് വിഭാഗം വിശദമായി വീഡിയോ ഉൾപ്പെടെ പരിശോധിച്ചപ്പോഴാണ് എസ്. അജികുമാർ സംഭവത്തിൽ ഉൾപ്പെട്ടതായി കണ്ടെത്തിയത്. തുടർന്നാണ് ഇയാൾക്കെതിരെ നടപടി സ്വീകരിച്ചത്.