27 July, 2022 09:30:28 PM


തമിഴ്‌നാട്ടില്‍ കണ്ടെത്തിയത് കാണാതായ കിരണിന്‍റെ മൃതദേഹം; സ്ഥിരീകരിച്ച് ഡിഎന്‍എ ഫലം



തിരുവനന്തപുരം: തമിഴ്നാട് കുളച്ചിലിൽ നിന്ന് കിട്ടിയ യുവാവിന്‍റെ മൃതദേഹം ആഴിമലയിൽ നിന്ന് കാണാതായ വിഴിഞ്ഞം സ്വദേശി കിരണിന്‍റേതെന്ന് സ്ഥിരീകരിച്ചു. കിരണിന്‍റെ അമ്മയുടെ ഡിഎൻഎ സാംപിളുമായി ഒത്തുനോക്കിയുള്ള പരിശോധനയിലാണ് സ്ഥിരീകരണമുണ്ടായത്. മൃതദേഹത്തിന്‍റെ കയ്യിലെ ചരടും കിരൺ കെട്ടിയിരുന്ന ചരടും തമ്മിൽ സാമ്യമുണ്ടെന്ന് കിരണിന്‍റെ അച്ഛൻ മധു നേരത്തെ വ്യക്തമാക്കിയിരുന്നു.

മൃതദേഹം തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. പെൺസുഹൃത്തിനെ കാണാൻ എത്തിയ കിരണിനെ ആഴിമല കടലിൽ ദുരൂഹ സാഹചര്യത്തിൽ കാണാതാവുകയായിരുന്നു. ഈ മാസം പത്താം തീയതിയാണ് ആഴിമലയിൽ നിന്ന് കിരണിനെ കാണാതായത്. ഫേസ് ബുക്ക് വഴി പരിചയപ്പെട്ട ആഴിമലയിലുള്ള പെൺ സുഹൃത്തിനെ കാണാന്‍ രണ്ടു സുഹൃത്തുക്കള്‍ക്കൊപ്പമാണ് മൊട്ടമൂട് സ്വദേശി കിരണ്‍ എത്തിയത്.

ആഴിമല കടൽത്തീരത്തുള്ള പെണ്‍കുട്ടിയുടെ വീടിന് മുന്നിലെത്തി മടങ്ങുന്നതിനിടെ കിരണിനെയും സുഹൃത്തുക്കളെയും പെൺകുട്ടിയുടെ സഹോദരനും രണ്ടു ബന്ധുക്കളും ചേർന്ന് പിന്തുടർന്ന് പിടികൂടുകയായിരുന്നു. പെൺകുട്ടിയുടെ ബന്ധുക്കൾ പിടിച്ചുകൊണ്ടുപോയ ശേഷം ആഴിമലക്ക് സമീപം വെച്ച് കിരണിനെ കാണാതാവുകയായിരുന്നു. കിരണിനെ ബൈക്കിലും സുഹൃത്തുക്കളെ കാറിലും കയറ്റി ആഴിമല ഭാഗത്തേക്ക് കൊണ്ടുപോകുകയായിരുന്നു.

ആഴിമലയിലെ ഒരു ആയൂർവേദ റിസോർട്ടിലെ സിസിടിവിദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചിരുന്നു. ഇതിൽ കിരൺ കടൽതീരത്തേക്ക് ഓടുന്ന ദൃശ്യങ്ങളാണുള്ളത്. കിരണിനെ ബൈക്കിൽ കയറ്റി കൊണ്ടുപോയ രാജേഷ് കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. രാജേഷ് കൊണ്ടുപോയ ശേഷമാണ് കിരണിനെ കാണാതാകുന്നത്. വീട്ടിലേക്ക് വരരുതെന്ന് പെൺകുട്ടിയുടെ സഹോദരൻ കിരണിന്‍റെ അച്ഛനെ വിളിച്ച താക്കീത് ചെയ്തിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K