22 July, 2022 05:36:07 PM


എസ്പിയുടെ നായ്ക്കളുടെ വിസർജ്യം നീക്കാന്‍ തയ്യാറായില്ല; പോലീസുകാരന് സസ്പെന്‍ഷന്‍



തിരുവനന്തപുരം: സംസ്ഥാന പോലീസിൽ വീണ്ടും പട്ടിയെ കുളിപ്പിക്കൽ വിവാദം. എസ് പിയുടെ നിർദ്ദേശപ്രകാരം സസ്പെൻസ് ചെയ്ത പോലീസുകാരനെ അന്നു തന്നെ എ ഐ ജി സർവീസിൽ തിരിച്ചെടുത്തു. ടെലി കമ്യൂണിക്കേഷൻസിലെ പോലീസ് ഉദ്യോഗസ്ഥൻ ആകാശിനെതിരെ എടുത്ത സസ്പെൻഷൻ നടപടിയാണ് സേനയിൽ കനത്ത പ്രതിഷേധത്തിനിടയാക്കിയത്.

ടെലികമ്യൂണിക്കേഷൻസ് എസ് പി നവനീത് ശർമയുടെ ഗൺമാനായ ആകാശിനായിരുന്നു കഴിഞ്ഞ ദിവസം സസ്പെൻഷൻ. ഭക്തി വിലാസം റോഡിലെ ഒന്നാം നമ്പർ ക്വാർട്ടേഴ്സാണ് എസ്പിയുടെ വസതി. വീട്ടിലെ ജോലിക്കാരനായ ഉത്തരേന്ത്യൻ സ്വദേശി എസ് പിയുടെ ഗൺമാനായ ആകാശിനോട് വളർത്തുനായ്ക്കളുടെ വിസർജ്യം നീക്കാനും അവയെ കുളിപ്പിക്കാനും ആവശ്യപ്പെട്ടു. എന്നാൽ ആകാശ് ഇതിനു തയ്യാറായില്ല. പിന്നീട് ടെലികമ്യൂണിക്കേഷൻസ് എസ് ഐയെ വിളിച്ചു വരുത്തി എസ് പി നവനീത് ശർമ ഗൺമാനെതിരെ സ്പെഷൽ റിപ്പോർട്ട് എഴുതി വാങ്ങിയെന്നാണ് ആരോപണം.

ഡ്യൂട്ടിയിലില്ലാത്തപ്പോൾ എസ് പിയുടെ വസതിയിലേക്ക് കയറിയെന്നും ഇലട്രോണിക് ഉപകരണങ്ങൾ പ്രവർത്തിപ്പിച്ചെന്നുമായിരുന്നു റിപ്പോർട്ട്. എസ് പി തന്നെ എസ്ഐക്ക് പറഞ്ഞു കൊടുത്ത് റിപ്പോർട്ട് എഴുതിച്ചെന്നും ആക്ഷേപമുണ്ട്. റിപ്പോർട്ടിന്മേൽ നവനീത് ശർമ തന്നെ സസ്പെൻഷൻ ഓർഡറും പുറത്തിറക്കി. എന്നാൽ സംഭവം പരാതിയായി ഡിജിപിക്ക് മുന്നിലെത്തി. മണിക്കൂറുകൾക്കകം സസ്പെൻഷൻ റദ്ദാക്കി ആകാശിനെ സർവീസിൽ തിരിച്ചെടുത്ത് ഉത്തരവിറങ്ങി. പൊലീസ് ആസ്ഥാനം എ ഐ ജി അനൂപ് കുരുവിള ജോണാണ് തിരിച്ചെടുത്തുള്ള ഉത്തരവിറക്കിയത്. ആകാശിനെ മാതൃയൂണിറ്റായ സിറ്റി എ ആറിലേക്കാണ് തിരിച്ചെടുത്തത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K