20 June, 2022 08:38:19 PM
തിരുവനന്തപുരത്ത് വൃക്ക രോഗി മരിച്ച സംഭവം: രണ്ട് ഡോക്ടർമാർക്ക് സസ്പെൻഷൻ
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷം വൃക്ക രോഗി മരിച്ച സംഭവത്തിൽ ഡോക്ടർമാർക്ക് സസ്പെൻഷൻ. യൂറോളജി, നെഫ്രോളജി വകുപ്പ് മേധാവിമാരായഡോ. വാസുദേവൻ പോറ്റി, ഡോ. ജേക്കബ് ജോർജ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. അഡീഷണൽ ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ആരോഗ്യമന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്.
സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തുമെന്ന് വീണാ ജോർജ് അറിയിച്ചു. കാരക്കോണം സ്വദേശി സുരേഷ് കുമാറാണ് (62) മരിച്ചത്. കൊച്ചിയിൽനിന്ന് ഞായറാഴ്ച വൈകിട്ട് വൃക്ക എത്തിച്ചെങ്കിലും ശസ്ത്രക്രിയ നാലു മണിക്കൂർ വൈകിയതിനെ തുടർന്നാണ് രോഗി മരിച്ചതെന്ന് ആരോപണം ഉയർന്നിരുന്നു. പുറത്തുനിന്നെത്തിയവർ വൃക്ക അടങ്ങിയ പെട്ടിയെടുത്ത് ഓടി. ഇവർ ഡോക്ടർമാർ അല്ലായിരുന്നു. ഇത് ആശയക്കുഴപ്പം ഉണ്ടാക്കിയെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
കൊച്ചിയിൽ മസ്തിഷ്കമരണം സംഭവിച്ചയാളുടെ വൃക്കയാണ് മെഡിക്കൽ കോളജിലെ രോഗിക്ക് നൽകാൻ എത്തിച്ചത്. പോലീസ് എസ്കോർട്ട് ഉൾപ്പെടെയുള്ള സംവിധാനങ്ങളോടെ ഗതാഗതം ക്രമീകരിച്ചാണ് വൃക്ക കൃത്യസമയത്ത് ആശുപത്രിയിലെത്തിച്ചതെന്ന് ആംബുലൻസ് ഡ്രൈവർ പറഞ്ഞു. ഞായറാഴ്ച വൈകുന്നേരം അഞ്ചരയ്ക്ക് തന്നെ വൃക്ക തിരുവനന്തപുരത്ത് എത്തിച്ചു. എന്നാൽ വൈകിട്ട് ഒൻപതിനാണ് ശസ്ത്രക്രിയ ആരംഭിച്ചതെന്നാണ് ആരോപണം. എന്നാൽ രോഗിയുടെ ആരോഗ്യനില മോശമായതിനെതുടർന്നാണ് മരണം സംഭവിച്ചതെന്നാണ് ആശുപത്രി അധികൃതർ നൽകിയിരുന്ന വിശദീകരണം.