20 June, 2022 03:13:57 PM


അവയവ മാറ്റ ശസ്ത്രക്രിയ വൈകി രോഗി മരിച്ച സംഭവം: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു


തിരുവനന്തപുരം : എറണാകുളം രാജഗിരി  ആശുപത്രിയിൽ നിന്ന് പോലീസ് അകമ്പടിയോടെ ഞായറാഴ്ച   തിരുവനന്തപുരം മെഡിക്കൽ കോളേജിലെത്തിച്ച വ്യക്ക യഥാസമയം ശസ്ത്രക്രിയ നടത്തി അവയവമാറ്റം  നടത്താത്തത്  കാരണം രോഗി മരിച്ചെന്ന പരാതിയിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു.

മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ പരാതിയെ കുറിച്ച് അന്വേഷണം  നടത്തി നാലാഴ്ചക്കകം വിശദമായ റിപ്പോർട്ട്   സമർപ്പിക്കണമെന്ന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻ്റണി ഡൊമിനിക്  ആവശ്യപ്പെട്ടു. തിരുവനന്തപുരം മെഡിക്കൽ കോളേജ് അധികൃതരുടെ വീഴ്ച കാരണമാണ്  ശസ്ത്രക്രിയ  വൈകിയതെന്ന് മനുഷ്യാവകാശ പ്രവർത്തകരായ ജി.എസ്.ശ്രീകുമാറും ജോസ് വൈ ദാസും സമർപ്പിച്ച പരാതിയിൽ പറയുന്നു. 

രണ്ടര മണിക്കൂർ കൊണ്ടാണ്  ഗ്രീൻ ചാനലിലൂടെ ഞായറാഴ്ച വൈകിട്ട് 5.30 ന് അവയവം എത്തിച്ചത്. എന്നാൽ കാരക്കോണം സ്വദേശിയായ രോഗിക്ക്  അവയവ മാറ്റ ശസ്ത്രക്രിയ തുടങ്ങിയത് 3 മണിക്കൂർ വൈകിയാണ്. വ്യക്ക എത്തിയപ്പോൾ തന്നെ ശസ്ത്രക്രിയ തുടങ്ങിയിരുന്നെങ്കിൽ രോഗി രക്ഷപ്പെടുമായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ നെഫ്രോളജി,  യൂറോളജി വിഭാഗങ്ങൾക്കെതിരെയാണ് പരാതി. രാജഗിരി ആശുപത്രിയിൽ മസ്തിഷ്ക മരണം സംഭവിച്ച 34 കാരൻ്റെ വൃക്കയാണ് തിരുവനന്തപുരത്ത് എത്തിച്ചത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K