20 June, 2022 11:54:04 AM
സ്വത്ത് തർക്കം: അച്ഛന്‍റെ തല അടിച്ച് പൊട്ടിച്ചു; കാർ തകർത്തു; മകള്‍ അറസ്റ്റില്‍

തിരുവനന്തപുരം: സ്വത്ത് തര്‍ക്കത്തെത്തുടര്‍ന്ന് കല്ലുകൊണ്ട് അച്ഛന്‍റെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ച മകള്‍ അറസ്റ്റിലായി. അച്ഛന്‍റെ പരാതിയിലാണ് മകളെ വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തത്. പയറ്റുവിള പുളിയീര്‍ക്കോണം കുന്നുവിള വീട്ടില്‍ ശ്രീധരന്‍ നാടാരെ (73) ആണു മകള്‍ മിനിമോള്‍ ആക്രമിച്ചത്. വെള്ളിയാഴ്ചയായിരുന്നു സംഭവം. മകന്‍ അനിലിനോടൊപ്പമാണ് ശ്രീധരന്‍ നാടാര്‍ താമസിക്കുന്നത്.
സഹോദരനായ അനിലിന് ശ്രീധരന്‍ നാടാര്‍ കൂടുതല്‍ സ്വത്ത് നല്‍കിയെന്നാരോപിച്ച് മിനിമോള്‍ പലപ്പോഴും വീട്ടിലെത്തി വഴക്കിടാറുണ്ടായിരുന്നു. വെള്ളിയാഴ്ചയും ഇതേ കാര്യമുന്നയിച്ച് തര്‍ക്കമുണ്ടായി. വഴക്കിനെത്തുടര്‍ന്ന് വീട്ടുമുറ്റത്തുണ്ടായിരുന്ന സഹോദരന്‍ അനിലിന്‍റെ കാറിന്‍റെ ഗ്ലാസ് കല്ലുകൊണ്ടിടിച്ച് പൊട്ടിച്ചു. അനില്‍ ഇക്കാര്യം ചോദ്യം ചെയ്തതിന്‍റെ പ്രകോപനത്തില്‍ കല്ലുമായി തിരികെയെത്തി ശ്രീധരന്‍ നാടാരെ ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പിന്നീട് വീട്ടുവളപ്പില്‍ കെട്ടിയിരുന്ന പശുവിനെ മിനിമോള്‍ അഴിച്ചുകൊണ്ടുപോയി.
മരത്തില്‍നിന്നു വീണ് പരിക്കേറ്റതിനെ തുടര്‍ന്ന് ശസ്ത്രക്രിയ നടത്തിയ കാലില്‍ ചവിട്ടി പരിക്കേല്‍പ്പിച്ചതായും പരാതിയുണ്ട്. തലയ്ക്കു പരിക്കേറ്റ ശ്രീധരനെ ബന്ധുക്കള്‍ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി. പൊട്ടലേറ്റ തലയില്‍ എട്ട് തുന്നലിട്ടതായി ബന്ധുക്കള്‍ പറഞ്ഞു. മിനിമോള്‍ക്കെതിരേ മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് വിഴിഞ്ഞം പൊലീസ് കേസെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. വിഴിഞ്ഞം എസ് എച്ച് ഒ പ്രജീഷ് ശശി, എസ് ഐ ജി വിനോദ്, എ എസ് ഐ. ചന്ദ്രലേഖ, വനിതാ പോലീസുകാരി ഗീതു എന്നിവരാണ് പ്രതിയെ അറസ്റ്റുചെയ്തത്.