16 June, 2022 05:30:13 PM


അനധികൃത വല ഉപയോഗിച്ച് മത്സ്യബന്ധനം: തടയാനെത്തിയ പോലീസുകാരെ തട്ടിക്കൊണ്ടുപോയി



തിരുവനന്തപുരം: അനധികൃത വല ഉപയോഗിച്ചുള്ള മത്സ്യബന്ധനം തടയാനെത്തിയ കോസ്റ്റൽ പൊലീസിലെ രണ്ട് ഉദ്യോഗസ്ഥരെയും തീരദേശ പൊലീസിലെ ഒരു ഗാർഡിനെയും മത്സ്യബന്ധന ബോട്ടിലെ തൊഴിലാളികൾ തട്ടിക്കൊണ്ട് പോയി. മണിക്കൂറുകൾക്കകം അഞ്ചുതെങ്ങ് കോസ്റ്റൽ പോലീസിന്റെ നേതൃത്തിലുള്ള പോലീസ് സംഘം മൂന്ന് പേരേയും മോചിപ്പിച്ചു. തട്ടിക്കൊണ്ട് പോയ മത്സ്യ തൊഴിലാളി സംഘത്തിലെ 10 പേരെ പോലീസ് പിടികൂടി.


വിഴിഞ്ഞം കോസ്റ്റൽ പൊലീസിലെ എഎസ്ഐ അജിത്, സിപിഒ വിനോദ്, കോസ്റ്റ് ഗാർഡ് സൂസൈൻ എന്നിവരേയാണ് മത്സ്യ തൊഴിലാളികൾ തട്ടിക്കൊണ്ട് പോയത്. മുതലപ്പൊഴി ഹാർബറിന് സമീപത്തെ ഉൾക്കടലിൽ വെച്ചാണ് ബന്ദികളാക്കപ്പെട്ട ഉദ്യോഗസ്ഥരെ പോലീസ് കണ്ടെത്തിയത്. തട്ടിക്കൊണ്ടുപോയ പോലീസ് ഉദ്യോഗസ്ഥരെയും പിടികൂടിയ മത്സ്യത്തൊഴിലാളികളെയും മുതലപ്പൊഴി ഹാർബറിലെ താഴംപള്ളി ലേല പുരക്ക് സമീപം എത്തിച്ചാണ് കരക്കിറക്കിയത്.


വിവരമറിഞ്ഞ് വർക്കല ഡി വൈ എസ് പി യുടെ നേതൃത്തിൽ റൂറൽ ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ നിന്നായി വൻ പോലീസ് സംഘം മുതലപ്പൊഴിയിലെത്തി. കസ്റ്റഡിയിലെടുത്ത മത്സ്യത്തൊഴിലാളികളെ ആറ്റിങ്ങല്‍ സ്റ്റേഷനിൽ എത്തിച്ച ശേഷം വിഴിഞ്ഞത്തേക്ക് കൊണ്ട് പോകുമെന്ന് ഡിവൈഎസ്പി നിയാസ് പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K