02 June, 2022 04:07:46 PM


23 വർഷം കുട്ടികളെ പഠിപ്പിച്ച അധ്യാപിക ഇന്നലെ മുതൽ സ്കൂളിലെ തൂപ്പുകാരി



തിരുവനന്തപുരം: 23 വർഷം കുട്ടികളെ അക്ഷരം പഠിപ്പിച്ച അധ്യാപിക സ്കൂളിലെ തൂപ്പുകാരിയായി മാറി. ഏകാധ്യാപക വിദ്യാലയങ്ങള്‍ അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചപ്പോള്‍ അനിശ്ചിതത്വത്തിലായ 344 പേരില്‍ ഒരാളാണ് തിരുവനന്തപുരം ജില്ലയിലെ ഉഷാകുമാരി. ഇവരെ ഒഴിവ് അനുസരിച്ച് പാര്‍ട്ട് ടൈം/ഫുള്‍ ടൈം തൂപ്പുകാരായി നിയമിക്കാനാണ് വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഉഷാകുമാരി ഉള്‍പ്പെടെ അന്‍പതു പേര്‍ ഇന്നലെ തന്നെ ജോലിക്കെത്തി.


അമ്പൂരി കുന്നത്തുമല ഏകാധ്യാപക വിദ്യാലയത്തില്‍ അധ്യാപിക ആയിരുന്ന ഉഷാകുമാരിക്ക് പേരൂര്‍ക്കട ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് നിയമനം കിട്ടിയത്. തൂപ്പുകാരിയാവുന്നതിലൊന്നും വിഷമമില്ലെന്ന് 54കാരിയായ ഉഷാകുമാരി ടീച്ചർ പറയുന്നു. എന്നാല്‍ ആദിവാസി കൂട്ടികളെ അക്ഷരം പഠിപ്പിച്ചതിന് മികച്ച അധ്യാപികയ്ക്കുള്ള ബഹുമതി നേടിയ അവര്‍ പുതിയ ജോലിക്കു പോവുന്നതിനോട് കുടുംബത്തിന് വലിയ താത്പര്യമില്ല.


രണ്ടു മാസം മുൻപുവരെ ഞാന്‍ കുട്ടികളെ പഠിപ്പിക്കുകയായിരുന്നു. ചോക്കും ഡസ്റ്ററുമായിരുന്നു, കൈയില്‍. ഇന്നിപ്പോള്‍ ചൂലെടുത്ത് സ്‌കൂള്‍ വൃത്തിയാക്കുന്നു-  ഉഷാ കുമാരി പറയുന്നു. ''തൂപ്പുകാരിയുടെ ജോലി വേണ്ടെന്നാണ് മക്കള്‍ പറഞ്ഞത്. എന്നാല്‍ സ്വന്തമായി അധ്വാനിച്ചു ജീവിക്കുന്നതാണ് എനിക്കിഷ്ടം. മുഴുവന്‍ പെന്‍ഷനും നല്‍കണമെന്നു മാത്രമാണ് സര്‍ക്കാരിനോട് എനിക്ക് അപേക്ഷിക്കാനുള്ളത്.'' ഉഷാകുമാരി പറഞ്ഞു. ആറു വര്‍ഷത്തെ സര്‍വീസ് ബാക്കിയുള്ളപ്പോഴാണ് സര്‍ക്കാര്‍ ഉഷാകുമാരിയെ പുതിയ ജോലിക്കു നിയോഗിച്ചത്. മുഴുവന്‍ പെന്‍ഷന് 20 വര്‍ഷത്തെ സര്‍വീസ് വേണം.


എന്നാൽ, അധ്യാപികയില്‍നിന്നു തൂപ്പുകാരിയിലേക്കു മാറിയെങ്കിലും ഉഷാകുമാരിയുടെ ശമ്പളത്തില്‍ വര്‍ധനയാണ് ഉണ്ടാവുക. ഏകാധ്യാപക വിദ്യാലയത്തില്‍ 19,000 രൂപയായിരുന്നു മാസ ശമ്പളം. പുതിയ ജോലിയില്‍ 23,000-50,200 ആണ് സ്‌കെയില്‍. അതേസമയം, ഏകാധ്യാപക വിദ്യാലയങ്ങള്‍ പൂട്ടിയപ്പോള്‍ ജീവനക്കാരുടെ സമ്മതം വാങ്ങിയ ശേഷമാണ് പുതിയ നിയമനം നടത്തിയതെന്നാണ് വിദ്യാഭ്യാസ വകുപ്പ് പറയുന്നത്. ഒഴിവു വരുന്ന മുറയ്ക്ക് ശേഷിക്കുന്നവര്‍ക്കും നിയമനം നല്‍കുമെന്നും വകുപ്പ് വ്യക്തമാക്കി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.5K