02 June, 2022 02:29:39 PM
പാട്ടിനെച്ചൊല്ലി തർക്കം, തുടർന്ന് കൊലപാതകം; പ്രതികളില്‍ ഒരാള്‍ പൂജാരിയും
തിരുവനന്തപുരം: ഇരട്ടക്കൊലക്കേസിൽ അടക്കം പ്രതിയായ ഗുണ്ടാ നേതാവ് വട്ടിയൂർക്കാവ് സ്വദേശി മണിച്ചൻ എന്ന വിഷ്ണുരൂപ് കൊല്ലപ്പെട്ട സംഭവത്തിലെ പ്രതികളിലൊരാള്‍ ക്ഷേത്രത്തിലെ പൂജാരിയും. ഇയാളുടെ സുഹൃത്തും ക്രിമിനൽ കേസ് പ്രതിയുമായ തിരുമല സ്വദേശി ഹരികുമാർ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. ഇവർക്കൊപ്പം മദ്യപിച്ച് ബഹളമുണ്ടാക്കിയ അരുൺ ജി രാജ്, ദീപക് ലാൽ എന്നിവരെ അരുവിക്കര പൊലീസ് അറസ്റ്റ് ചെയ്തു. അരുൺ രാജ് നെയ്യാറ്റിൻകരയിലെ ഭദ്രകാളി ക്ഷേത്രത്തിലെ പൂജാരിയായും ജോലി ചെയ്തിരുന്നു.
ആറു മാസങ്ങൾക്കു മുൻപ് വിഷ്ണുവും സംഘവും അരുൺ രാജിനെ ക്രൂരമായി മർദ്ദിച്ചിരുന്നു. നിസാര കാര്യത്തിനായിരുന്നു മർദനം. ഇന്നലെ വിഷ്ണു ദീപക് ലാലിനെ ലോഡ്ജിലേക്ക് വിളിച്ചു. ദീപക് അരുൺ രാജിനെയും ഒപ്പം കൂട്ടി. ഇതിനു ശേഷം വിഷ്ണു ഇവരെ മദ്യപിക്കാനും ക്ഷണിച്ചു. മദ്യപിച്ചാൽ വിഷ്ണുവിന്‍റെ സ്വഭാവം മാറുമെന്നും ആക്രമിക്കുമെന്നും അതിനാൽ പോകേണ്ടെന്നും അരുൺ രാജ് പറഞ്ഞു. എന്നാൽ ദീപക് നിർബന്ധിച്ചതോടെ പോകാൻ തീരുമാനിച്ചു. ആക്രമണം ഉണ്ടായാൽ തിരിച്ചടിക്കാൻ അരുൺ രാജ് ചുറ്റികയും ദീപക് കത്തിയും കരുതി.
മദ്യപാനത്തിനിടെ വിഷ്ണു പാട്ടുപാടി. പിന്നീട് അരുൺ രാജിനോട് പാടാൻ ആവശ്യപ്പെട്ടു. ഇയാൾ പാടിയ തമിഴ് പാട്ടിനെ ചൊല്ലി തർക്കമുണ്ടാകുകയും സംഘർഷത്തിലേക്കു നീങ്ങുകയുമായിരുന്നു. മദ്യപിച്ച് അവശരായ വിഷ്ണുവിനെയും ഹരികുമാറിനെയും പ്രതികൾ ചവിട്ടി വീഴ്ത്തി. ജീവൻ ബാക്കിയുണ്ടെങ്കിൽ രണ്ടു പേരേയും തീർക്കുമെന്ന് വിഷ്ണു ഭീഷണിപ്പെടുത്തി. അതോടെയാണ് കൊല്ലാൻ തീരുമാനിച്ചതെന്നാണ് പ്രതികളുടെ മൊഴി. ചുറ്റിക ഉപയോഗിച്ച് മുഖത്തും തലയിലും അടിച്ചാണ് വിഷ്ണുവിനെ കൊലപ്പെടുത്തിയത്. ഹരികുമാറിനെയും ഇതേ രീതിയിലാണ് ആക്രമിച്ചത്.
കൊലപാതകം ആസൂത്രിതമാണെന്ന് പൊലീസ് പറയുന്നു. രണ്ടു ദിവസം മുൻപ് ഹരികുമാറാണ് ലോഡ്ജ് വാടകയ്ക്ക് എടുത്തത്. ഹരികുമാറിന്‍റെ കാൻസർ ചികിത്സയ്ക്കെന്ന പേരിലാണ് വാടകയ്ക്കെടുത്തത്. മദ്യപാനവും ബഹളവും പതിവായതോടെ അടുത്ത മുറിയിൽ ഉള്ളവർ പരാതിപ്പെട്ടു. തുടർന്ന് മുറി ഒഴിയണമെന്ന് ഇന്നലെ ഉച്ചയ്ക്കു ലോഡ്ജ് ഉടമ ആവശ്യപ്പെട്ടു. എന്നാൽ തന്നെ ഭീഷണിപ്പെടുത്തി ഇവർ ലോഡ്ജിൽ തുടരുകയായിരുന്നു എന്നാണ് ലോഡ്ജ് ഉടമയുടെ മൊഴി.