29 May, 2022 05:35:02 PM


വിരലറ്റുപോയ കുട്ടി ശസ്ത്രക്രിയക്ക് കാത്തുനിന്നത് 36 മണിക്കൂര്‍; ഗുരുതര വീഴ്ചയെന്ന് ആരോഗ്യമന്ത്രി



തിരുവനന്തപുരം : അറ്റുപോയ വിരലുകളുമായി അസം സ്വദേശികളുടെ മകള്‍ക്ക് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയ കാത്ത് ഭക്ഷണം കഴിക്കാതെ കാത്തിരിക്കേണ്ടി വന്നത് മുപ്പത് മണിക്കൂറിലേറെ. ആരോഗ്യമേഖലയിൽ കേരളത്തിന്‍റെ നേട്ടത്തെക്കുറിച്ച് വാ തോരാതെ ആവേശം കൊള്ളുന്നതിനിടയിലാണ് ഈ പിഞ്ചുകുട്ടിയുടെ ദുരവസ്ഥ.

വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടമുണ്ടായത്. കരമന സത്യനഗറില്‍ വാടകയ്ക്ക് താമസിക്കുന്ന അസം സ്വദേശികളായ ദമ്പതികളുടെ പിഞ്ചുമകള്‍ വീട്ടില്‍ കളിയ്ക്കുകയായിരുന്നു. അതിനിടെ ഇടതുകൈയ്യുടെ മൂന്ന് വിരലുകള്‍ കട്ടിളയുടെയും വാതിലിന്‍റെയും ഇടയില്‍ കുടുങ്ങി ചതഞ്ഞുപോയി. അപ്പോള്‍ തന്നെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം ജനറല്‍ ആശുപത്രിയിലെത്തിച്ചു. അടിയന്തര ശസ്ത്രക്രിയ എത്രയും പെട്ടെന്ന് ആവശ്യമാണെന്നും ഉടന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ എത്തണമെന്നും ജനറല്‍ ആശുപത്രിയില്‍ നിന്ന് നിര്‍ദേശിച്ചു. ഉടന്‍ തന്നെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിയെങ്കിലും ശസ്ത്രക്രിയ ചെയ്തില്ല.

ശസ്ത്രക്രിയ ചെയ്യാത്തതിനാല്‍ ഭക്ഷണവും കുട്ടി കഴിച്ചില്ല. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ പരിക്ക് പറ്റിയ കുട്ടിയുടെ ശസ്ത്രക്രിയ നടന്നത് മുപ്പത് മണിക്കൂറുകള്‍ കഴിഞ്ഞ്. വാര്‍ഡ് കൗണ്‍സിലറും റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികളും ഇടപെട്ടതിനെത്തുടര്‍ന്നാണ് ആ സമയത്തെങ്കിലും ശസ്ത്രക്രിയ നടന്നത്. സംഭവിച്ചത് ഗുരുതരമായ തെറ്റാണെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കമെന്നും ആരോഗ്യമന്ത്രി  പറ‍ഞ്ഞു. സംഭവത്തെക്കുറിച്ച് മന്ത്രിയുടെ നിര്‍ദേശ പ്രകാരം മെഡിക്കല്‍ കോളേജ് ആശുപത്രി അധികൃതര്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K