28 May, 2022 04:10:21 PM
പോലീസ് സ്റ്റേഷനിൽ പെട്രോൾ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചയാൾ മരിച്ചു
തിരുവനന്തപുരം: ആര്യനാട് പോലീസ് സ്റ്റേഷനിൽ പെട്രോൾ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചയാൾ മരിച്ചു. പാലോട് സ്വദേശി ഷൈജു (47)വാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു ഷൈജു. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. ഒപ്പം താമസിച്ചിരുന്ന യുവതിയെ കാണാനില്ല എന്ന് പരാതി നൽകാനാണ് ഷൈജു പൊലീസ് സ്റ്റേഷനിൽ എത്തിയത്. സ്റ്റേഷനിൽ എത്തിയ ഷൈജു പാറാവിലുള്ള വനിതാപൊലീസിനോട് ആദ്യം ദേഷ്യപ്പെട്ടു. തുടർന്ന് ഭാര്യയെ കാണാനില്ലെന്നും പൂത്തൂരിൽ നിന്നാണ് വരുന്നതെന്നും എസ്ഐയെ അറിയിച്ചു.
യുവതിയുടെ പേരും മേൽവിലാസവും കാണിച്ച് പരാതി നൽകാൻ എസ്ഐ ആവശ്യപ്പെട്ടതോടെ ഷൈജു സ്റ്റേഷന് പുറത്തേക്ക് പോയി. തുടർന്ന് ദേഹത്ത് പെട്രോൾ ഒഴിച്ച ശേഷം തിരികേ സ്റ്റേഷനിലേക്ക് കയറി. എസ്ഐ എൽ.ഷീന സ്റ്റേഷന്‍റെ മുന്നിലേക്ക് എത്തിയ ഉടനെ ലൈറ്റർ കത്തിച്ച് ദേഹത്ത് തീകൊളുത്തുകയായിരുന്നു. ഉടൻ തന്നെ എസ്ഐയും മറ്റ് പൊലീസുകാരും ചേർന്ന് ദേഹത്ത് വെള്ളമൊഴിച്ച് തീയണച്ച് ആശുപത്രിയിൽ എത്തിച്ചു. ഷൈജു മദ്യലഹരിയിൽ ആയിരുന്നെന്ന് പൊലീസ് പറയുന്നു.
ഇതേ പരാതി അവഗണിച്ചു എന്നാരോപിച്ച് ഷൈജു കഴിഞ്ഞദിവസം കൊല്ലം പുത്തൂർ പൊലീസ് സ്റ്റേഷന് മുന്നിലും ആത്മഹത്യ ശ്രമം നടത്തിയിരുന്നു. കോട്ടാത്തല കൊഴുവൻപാറയ്ക്കു സമീപം വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു ഷൈജു. ടാപ്പിങ് തൊഴിലാളിയായ ഷൈജു ഒപ്പം താമസിച്ചിരുന്ന കോട്ടയ്ക്കകം സ്വദേശിനിയായ യുവതിയെ ഞായറാഴ്ച്ച മുതൽ കാണാനില്ലെന്ന പരാതിയുമായാണ് പുത്തൂർ സ്റ്റേഷനിൽ എത്തുന്നത്. എന്നാൽ, നിയമപരമായി വിവാഹം കഴിച്ചിട്ടില്ലാത്തതിനാൽ നടപടി സാധ്യമല്ല എന്നുപറഞ്ഞ് മടക്കിയയച്ചുവെന്നാണ് റിപ്പോർട്ടുകൾ. തുടർന്ന് സ്റ്റേഷന് മുന്നിൽ പെട്രോൾ ഒഴിച്ച് തീ കൊളുത്താൻ നടത്തിയ ശ്രമം കണ്ടുനിന്ന ആൾ ഓടിയെത്തി തടയുകയായിരുന്നു. ഇതിനു ശേഷമാണ് ഷൈജു ആര്യനാട് സ്റ്റേഷനിൽ എത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.