28 May, 2022 01:05:42 PM


മോഷണമാരോപിച്ച് സ്ത്രീയെ നടുറോഡില്‍ മര്‍ദിച്ച ബ്യൂട്ടി പാര്‍ലര്‍ ഉടമ അറസ്റ്റില്‍



തിരുവനന്തപുരം: തിരുവനന്തപുരം ശാസ്തമംഗലത്ത് സ്ത്രീയെ നടുറോഡില്‍ മര്‍ദിച്ച ബ്യൂട്ടി പാര്‍ലര്‍ ഉടമ അറസ്റ്റില്‍. മോഷണം സംശയിച്ചാണ് ശോഭയെന്ന സ്ത്രീയെ മീന കഴിഞ്ഞ ദിവസം ആക്രമിച്ചത്. വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ബ്യൂട്ടി പാര്‍ലര്‍ ഉടമയായ സ്ത്രീ യുവതിയെ മോഷണമരോപിച്ച് കടയ്ക്ക് മുന്നിലുള്ള റോഡിലിട്ട് മര്‍ദിക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

കടയുടെ മുന്നിലിരുന്നപ്പോള്‍ മാറിയിരിക്കാന്‍ ആവശ്യപ്പെട്ടെന്നും പിന്നീട് വള മോഷ്ടിച്ചെന്ന് ആരോപിച്ച് മര്‍ദിക്കുകയായിരുനെന്ന് യുവതി പറഞ്ഞിരുന്നു. എന്നാല്‍ കടയിലേക്ക് കയറിവന്നു ഫോണ്‍ ആവശ്യപ്പെട്ടെന്നും നല്‍കാത്തതിനെ തുടര്‍ന്ന് അസഭ്യം വിളിക്കുകയുമായിരുന്നെന്നായിരുന്നു ബ്യൂട്ടി പാര്‍ലര്‍ ഉടമയുടെ വാദം.

കടയ്ക്ക് മുന്നില്‍ ഇരുന്നതിനെത്തുടര്‍ന്നുണ്ടായ വാക്കു തര്‍ക്കമാണ് മര്‍ദ്ദനത്തിലേക്കെത്തിയതെന്നാണ് പൊലീസ് പറയുന്നത്. ബ്യൂട്ടി പാര്‍ലറിലേക്ക് വന്നയാളോട് മര്‍ദനമേറ്റ സ്ത്രീ വീട്ടിലേക്ക് വിളിക്കാന്‍ ഫോണ്‍ ആവശ്യപ്പെട്ടിരുന്നു. ഇത് ബ്യൂട്ടി പാര്‍ലര്‍ ഉടമ ചോദ്യം ചെയ്യുകയും മര്‍ദിക്കുകയുമായിരുന്നു. ബ്യൂട്ടി പാര്‍ലര്‍ ഉടമ മീനയെ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു.

വള മോഷ്ടിച്ചതായി പൊലീസിന് ഇതുവരെ കണ്ടെത്താനായില്ലായിരുന്നു. വീഡിയോ ദൃശ്യങ്ങള്‍ കണ്ട് മ്യൂസിയം പൊലീസ് സ്വമേധയായാണ് ആദ്യം കേസ് റജിസ്റ്റര്‍ ചെയ്തത്. പിന്നീട് പിങ്ക് പൊലീസ് യുവതിയുടെ പക്കല്‍ നിന്ന് പരാതി എഴുതി വാങ്ങുകയായിരുന്നു. കടയുടെ അടുത്തുള്ള ബാങ്കില്‍ വന്നതാണെന്നു യുവതി പറയുന്നു. ബാഗില്‍ കുട്ടിയുടെ യൂണിഫോമിനൊപ്പം തന്റെ പൊട്ടിയ വള വച്ചിരുന്നു. കടയ്ക്കു മുന്നില്‍ ഫോണ്‍ ചെയ്തു നിന്നപ്പോള്‍ കടയുടമയും സുഹൃത്തും ചോദ്യം ചെയ്യുകയും തുടര്‍ന്ന് മര്‍ദിച്ചതായും യുവതി പറഞ്ഞിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K