27 May, 2022 02:39:03 PM
വള മോഷ്ടിച്ചെന്ന് ആരോപിച്ച് യുവതിയെ റോഡിലിട്ട് മര്‍ദിച്ച് ബ്യൂട്ടി പാര്‍ലര്‍ ഉടമ
തിരുവനന്തപുരം: വള മോഷ്ടിച്ചെന്നാരോപിച്ച് യുവതിയെ ക്രൂരമായി മര്‍ദിച്ച് ബ്യൂട്ടി പാര്‍ലര്‍ ഉടമ. ശാസ്തമംഗലത്ത് വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ബ്യൂട്ടി പാര്‍ലര്‍ ഉടമയായ സ്ത്രീ യുവതിയെ മോഷണമാരോപിച്ച് കടയ്ക്ക് മുന്നിലുള്ള റോഡിലിട്ട് മര്‍ദിക്കുകയായിരുന്നു.
കടയുടെ മുന്നിലിരുന്നപ്പോള്‍ മാറിയിരിക്കാന്‍ ആവശ്യപ്പെട്ടെന്നും പിന്നീട് വള മോഷ്ടിച്ചെന്ന് ആരോപിച്ച് മര്‍ദിക്കുകയായിരുനെന്ന് യുവതി പറഞ്ഞു. എന്നാല്‍ കടയിലേക്ക് കയറിവന്നു ഫോണ്‍ ആവശ്യപ്പെട്ടെന്നും നല്‍കാത്തതിനെ തുടര്‍ന്ന് അസഭ്യം വിളിക്കുകയുമായിരുന്നെന്ന് ബ്യൂട്ടി പാര്‍ലര്‍ ഉടമ പറയുന്നത്. ഇരുവര്‍ തമ്മില്‍ വഴക്കുകൂടുന്നത് കണ്ട് നാട്ടുകാര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
കടയുടെ അടുത്തുള്ള ബാങ്കില്‍ വന്നതാണെന്നു യുവതി പറയുന്നു. ബാഗില്‍ കുട്ടിയുടെ യൂണിഫോമിനൊപ്പം തന്‍റെ പൊട്ടിയ വള വച്ചിരുന്നു. കടയ്ക്കു മുന്നില്‍ ഫോണ്‍ ചെയ്തു നിന്നപ്പോള്‍ കടയുടമയും സുഹൃത്തും ചോദ്യം ചെയ്യുകയും തുടര്‍ന്ന് മര്‍ദിച്ചതായും യുവതി പറഞ്ഞു. വള മോഷ്ടിച്ചതായി പൊലീസിന് ഇതുവരെ കണ്ടെത്താനായിട്ടില്ല. വീഡിയോ ദൃശ്യങ്ങള്‍ കണ്ട് മ്യൂസിയം പൊലീസ് സ്വമേധയായാണ് ആദ്യം കേസ് റജിസ്റ്റര്‍ ചെയ്തത്. പിന്നീട് പിങ്ക് പൊലീസ് യുവതിയുടെ പക്കല്‍ നിന്ന് പരാതി എഴുതി വാങ്ങി.