26 May, 2022 03:47:03 PM
ആറ്റുകാല്‍ ക്ഷേത്രം ട്രസ്റ്റിന്‍റെ ആദ്യ വനിതാ അധ്യക്ഷയായി എ.ഗീതാകുമാരി സ്ഥാനമേറ്റു
തിരുവനന്തപുരം: ആറ്റുകാല്‍ ക്ഷേത്രം ട്രസ്റ്റിന്‍റെ ആദ്യ വനിതാ അധ്യക്ഷയായി എ.ഗീതാകുമാരി ഇന്ന് സ്ഥാനമേറ്റു. നിലവിലെ ഭരണസമിതിയുടെ കാലാവധി 2013 ജൂണില്‍ അവസാനിക്കും. കോവിഡ് വ്യാപനം ഒട്ടേറെ പ്രതിസന്ധികള്‍ സൃഷ്ടിച്ചിരിക്കുന്ന ഈ സാഹചര്യത്തില്‍ ക്ഷേത്രവികസനത്തിനായി വളരെയേറെ കാര്യങ്ങള്‍ വരുന്ന ഒരു വര്‍ഷത്തിനുള്ളില്‍ ചെയ്തു തീര്‍ക്കാനുണ്ടെന്ന് അവര്‍ പറഞ്ഞു.
അനന്തപുരിയെ യാഗഭൂമിയാക്കുന്ന ആറ്റുകാല്‍ പൊങ്കാല ആഘോഷം കോവിഡ് വ്യാപനത്തെതുടര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷം മുടങ്ങി. ക്ഷേത്രപരിസരത്തും വീടുകളിലുമായി പൊങ്കാലസമര്‍പ്പണം ഒതുങ്ങി. കോവിഡുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഇപ്പോള്‍ കുറഞ്ഞിരിക്കുകയാണ്. അതുകൊണ്ടുതന്നെ അടുത്ത തവണ പൊങ്കാല പൂര്‍വ്വാധികം ഭംഗിയായി നടത്താനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കോവിഡിനെതുടര്‍ന്ന് ക്ഷേത്രവരുമാനത്തില്‍ വന്‍ഇടിവുണ്ടായി. ഇത് സൃഷ്ടിച്ച പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ബദല്‍ മാര്‍ഗങ്ങള്‍ ആവിഷ്‌കരിക്കേണ്ടതുണ്ട്. ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ക്ക് താമസിക്കുന്നതിനുള്ള സൗകര്യവും ഓഡിറ്റോറിയവും ഉള്‍പ്പെടുത്തി ബഹുനിലമന്ദിരം നിര്‍മ്മിക്കുന്നതിന്‍റെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും. അവര്‍ കൈരളി വാര്‍ത്തയോട് പറഞ്ഞു.
നിലവിലെ ഭരണസമിതിയില്‍ അംഗമായിരുന്നു കുളങ്ങര വീട്ടില്‍ ഗീതാകുമാരി. ചെയര്‍മാനായിരുന്ന കെ.ശശിധരന്‍ അന്തരിച്ചതിനെതുടര്‍ന്ന് നടന്ന തിരഞ്ഞെടുപ്പിലാണ് ഗീതാകുമാരിക്ക് പുതിയ സ്ഥാനലബ്ധിയുണ്ടായത്. അധ്യാപകരായ അടൂര്‍ ഏലംകുളം സ്വദേശി ബാലകൃഷ്ണപിള്ളയുടെയും ചങ്ങനാശ്ശേരി പെരുന്ന സ്വദേശിനി ആനന്ദവല്ലിയമ്മയുടെയും മകളാണ് ഗീതാകുമാരി. ഉദ്യോഗസംബന്ധമായി തലസ്ഥാനത്തെത്തിയ ബാലകൃഷ്ണപിള്ളയും കുടുംബവും പതിയെ തിരുവനന്തപുരംകാരായി മാറി.
ബാലകൃഷ്ണപിള്ള ഉള്‍പ്പെടെയുള്ളവരാണ് ആറ്റുകാല്‍ ക്ഷേത്രം ട്രസ്റ്റ് രൂപീകരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. എന്നാല്‍ അദ്ദേഹത്തിന്‍റെ മരണശേഷം 1979ലാണ് ട്രസ്റ്റ്ര് രൂപീകരിക്കപ്പെട്ടത്. ട്രസ്റ്റിലെ ഒരംഗമായിരുന്നു ആനന്ദവല്ലിയമ്മ. അമ്മയില്‍നിന്നാണ് ഗീതാകുമാരിക്ക് ട്രസ്റ്റി സ്ഥാനം ലഭിച്ചത്.
ജലസേചന വകുപ്പിലെ ഐഡിആര്‍ബി ഡയറക്ടറായി 2012ല്‍ വിരമിച്ച ഗീതാകുമാരി ദി ഹിന്ദുവിന്‍റെ തിരുവനന്തപുരം ബ്യൂറോ ചീഫ് ആയിരുന്ന കെ.എം.തമ്പിയുടെ ഭാര്യയാണ്. മക്കള്‍: ദേവി തമ്പി (ഇലക്ട്രോണിക്‌സ് എഞ്ചിനീയര്‍), അരവിന്ദ് തമ്പി (മെക്കാനിക്കല്‍ എഞ്ചിനീയര്‍). മരുമകന്‍: നിതിന്‍ (മെക്കാനിക്കല്‍ എഞ്ചിനീയര്‍, ദോഹ)