29 March, 2022 06:50:17 PM
സമരക്കാര്‍ കെഎസ്ആർടിസി ബസ് ജീവനക്കാരെ മർദിച്ചു; കണ്ടക്ടറുടെ ദേഹത്ത് തുപ്പി
തിരുവനന്തപുരം വെമ്പായത്ത് പണിമുടക്ക് അനുകൂലികൾ കെഎസ്ആർടിസി ബസ് തടഞ്ഞു. പാപ്പനംകോട് കെഎസ്ആർടിസി കണ്ടക്ടർക്കും ഡ്രൈവർക്കും മർദനമേറ്റു. കണ്ടക്ടറുടെ ദേഹത്ത് സമരാനുകൂലികൾ തുപ്പി. കളിയിക്കാവിളയിലേക്ക് പോയ ബസ് ജീവനക്കാർക്കാണ് ക്രൂരമായ മർദനമേറ്റത്. അപകടത്തിൽ കണ്ടക്ടറുടേയും ഡ്രൈവറുടെയും കൈയ്ക്കും കാലിനും പരുക്കേറ്റു. സമരാനുകൂലികൾ അസഭ്യം പറയുകയും കൊടികെട്ടിയ വടികൊണ്ട് അടിക്കുകയും ചെയ്തുവെന്ന് കെഎസ്ആർടിസി ജീവനക്കാർ പറഞ്ഞു.
'ക്യാൻസർ പേഷ്യന്‍റ് ഉൾപ്പെടെയുള്ളവരുമായാണ് ബസ് പോയത്. ആർസിസിയിൽ നിന്ന് ചികിത്സയ്ക്ക് ശേഷം തമിഴ്‌നാട്ടിലേക്ക് പോകേണ്ട കുട്ടിയുൾപ്പെടെയുള്ള രോഗികളുമായാണ് ബസ് പോയത്. കളിയിക്കാവിള വരെ അവരെ എത്തിക്കാമെന്നാണ് വിചാരിച്ചത്. സമരക്കാർ വന്ന് ഡോർ തുറന്ന് എന്നെ കുറേ ഉപദ്രവിച്ചു. ബെൽറ്റ് പിടിച്ച് വലിച്ച് താഴെയിടാൻ നോക്കി. ഞാൻ താഴെ വീണിരുന്നുവെങ്കിൽ എന്‍റെ കുടുംബത്തിന് എന്നെ നഷ്ടപ്പെട്ടേനെ'- കെഎസ്ആർടിസി ജീവനക്കാരൻ പറയുന്നു.