13 March, 2022 07:26:41 PM
തിരുവനന്തപുരത്ത് കിണർ വൃത്തിയാക്കുന്നതിനിടെ മണ്ണ് ഇടിഞ്ഞ് തൊഴിലാളി കുടുങ്ങി
തിരുവനന്തപുരം: കഴക്കൂട്ടത്ത് കിണർ വൃത്തിയാക്കുന്നതിനിടെ മണ്ണ് ഇടിഞ്ഞ് കുടുങ്ങിയ തൊഴിലാളിയെ അഗ്നി രക്ഷാ സേന രക്ഷിച്ചു. സന്തോഷ് എന്നയാളാണ് കുടുങ്ങിയത്. മടവൂർ സ്വദേശിയുടെ വീട്ടിലെ കിണർ വൃത്തിയാക്കുന്നതിനിടെയാണ് അപകടം. കിണറിന് 38 അടി ആഴമുണ്ടായിരുന്നു. സംഭവമറിഞ്ഞ് അഗ്നി രക്ഷാ സേന എത്തുമ്പോൾ സന്തോഷിന്‍റെ തോളിനൊപ്പം മണ്ണ് മൂടി കിടക്കുകയായിരുന്നു. പിന്നാലെ ട്രൈപോഡിന്‍റെയും റോപിന്‍റെയും സേഫ്റ്റി ബെൽറ്റിന്റെയും സഹായത്തോടെ ഉദ്യോഗസ്ഥർ കിണറ്റിനുള്ളിൽ ഇറങ്ങി. ഒരു മണിക്കൂർ കൊണ്ട് മണ്ണ് മാറ്റി, സന്തോഷിനെ പുറത്ത് എത്തിക്കുകയും ചെയ്തു.
കിണറിന്‍റെ ഉൾഭാഗം ഏത് നിമിഷവും ഇടിയുന്ന അവസ്ഥയിലായിരുന്നു. സംഭവസ്ഥലത്ത് തിരുവനന്തപുരം ചെങ്കൽ ചൂള, കഴക്കൂട്ടം നിലയത്തിലെ രണ്ട് യൂണിറ്റുകൾ ഉണ്ടായിരുന്നു. സ്റ്റേഷൻ ഓഫീസർമാരായ ഗോപകുമാർ,നിതിൻരാജ്, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർമാരായ രാജേഷ് കുമാർ, ജി എസ് ഷാജി, ബൈജു ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ശ്രീ ഷൈൻ ബോസ്, രാഹുൽ, ജിതിൻ, സന്തോഷ്, അജേഷ്, രതീഷ്, ജീവൻ, സജിത്ത്, ബിജു,ഷഫീഖ് ഇ , ശിവകുമാർ,ഷഫീഖ് ജെ സുരേഷ്, ശ്യാമളകുമാർ എന്നിവർ ഉണ്ടായിരുന്നു.